അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേലുള്ള തീരുവ ഒഴിവാക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്‌തെന്ന് ട്രംപ്

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേലുള്ള തീരുവ ഒഴിവാക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്‌തെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇന്ത്യ-യുഎസ് വ്യാപാരബന്ധം ഒരു ദുരന്തമായിരുന്നുവെന്നും ഏകപക്ഷീയമായിരുന്നുവെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേലുള്ള തീരുവ വെട്ടിക്കുറയ്ക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തതായും ട്രംപ് അവകാശപ്പെട്ടു. പക്ഷേ, അത് ഏറെ വൈകിപ്പോയെന്നും അദ്ദേഹം പറഞ്ഞു. ചൈനയിലെ ടിയാന്‍ജിനില്‍ എസ്.സി.ഒ. ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റുമായും റഷ്യന്‍ പ്രസിഡന്റുമായും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇന്ത്യയ്‌ക്കെതിരേ ട്രംപ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യയ്‌ക്കെതിരേ 50 ശതമാനം തീരുവ ചുമത്തിയതിനെ ന്യായീകരിച്ചാണ് ട്രംപ് തിങ്കളാഴ്ച സാമൂഹികമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചത്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേലുള്ള തീരുവ ഒഴിവാക്കാമെന്ന് ഇന്ത്യ വാഗ്ദാനംചെയ്‌തെന്നും അദ്ദേഹം അവകാശപ്പെട്ടു.

”ഇന്ത്യ-യുഎസ് വ്യാപാരം ഞാന്‍ മനസിലാക്കുന്നതുപോലെ വളരെക്കുറച്ച് ആളുകള്‍ക്കേ മനസിലാകൂ. അവര്‍ നമ്മളുമായി വലിയതോതില്‍ ബിസിനസ് ചെയ്യുന്നു. അവരുടെ ഉത്പന്നങ്ങള്‍ വലിയതോതില്‍ നമ്മള്‍ക്ക് വില്‍ക്കുന്നു. പക്ഷേ, നമ്മള്‍ അവര്‍ക്ക് വളരെക്കുറച്ച് മാത്രമേ വില്‍ക്കുന്നുള്ളൂ. ഇതുവരെ അതൊരു ഏകപക്ഷീയമായ ബന്ധമാണ്. മാത്രമല്ല, ഇന്ത്യ അവര്‍ക്ക് വേണ്ട എണ്ണയും സൈനിക ഉത്പന്നങ്ങളും ഭൂരിഭാഗവും വാങ്ങുന്നത് റഷ്യയില്‍നിന്നാണ്. യുഎസില്‍നിന്ന് അവര്‍ വളരെക്കുറച്ച് മാത്രമേ വാങ്ങുന്നൂള്ളൂ. ഇപ്പോള്‍ അവര്‍ തീരുവകളെല്ലാം പൂര്‍ണമായും ഒഴിവാക്കാമെന്ന് വാഗ്ദാനംചെയ്തിട്ടുണ്ട്. പക്ഷേ, ഏറെ വൈകിപ്പോയി. വര്‍ഷങ്ങള്‍ക്ക് മുന്‍പേ അവര്‍ ഇങ്ങനെ ചെയ്യണമായിരുന്നു”, ട്രംപ് സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ഇന്ത്യയില്‍നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവയാണ് യുഎസ് ചുമത്തിയിട്ടുള്ളത്. റഷ്യയില്‍നിന്ന് ആയുധങ്ങളും എണ്ണയും വാങ്ങുന്നതിന് പിഴയായുള്ള 25 ശതമാനം ഉള്‍പ്പെടെയാണ് 50 ശതമാനം തീരുവ ചുമത്തിയിരിക്കുന്നത്. അതേസമയം, യുഎസ് നടപടി ഒരിക്കലും ന്യായീകരിക്കാന്‍ കഴിയാത്തതാണെന്നായിരുന്നു ഇന്ത്യയുടെ മറുപടി. ഇതിനുപിന്നാലെയാണ് എസ്.സി.ഒ. ഉച്ചകോടിയില്‍ ചൈനയുമായുള്ള ബന്ധം ഇന്ത്യ ഊട്ടിയുറപ്പിച്ചത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തിയിരുന്നു. റഷ്യ-ചൈന-ഇന്ത്യ ബന്ധം കൂടുതല്‍ ദൃഢമാകുന്ന സാഹചര്യത്തിലാണ് ഇന്ത്യയ്‌ക്കെതിരേ ചുമത്തിയ തീരുവയെ ന്യായീകരിച്ച് ട്രംപ് രംഗത്തെത്തിയതെന്നതും ശ്രദ്ധേയമാണ്.

Trump says India has promised to remove tariffs on American products

Share Email
LATEST
More Articles
Top