തീരുവ യുദ്ധം തീരുമോ ? ട്രംപിൻ്റെ തലങ്ങും വിലങ്ങുമുള്ള പ്രസ്താവനകളും ഇന്ത്യ-യു.എസ്. ബന്ധത്തിന്റെ യാഥാർത്ഥ്യവും

തീരുവ യുദ്ധം തീരുമോ ? ട്രംപിൻ്റെ തലങ്ങും വിലങ്ങുമുള്ള പ്രസ്താവനകളും ഇന്ത്യ-യു.എസ്. ബന്ധത്തിന്റെ യാഥാർത്ഥ്യവും

ഡൊണാൾഡ് ട്രംപിൻ്റെ ഓരോ പ്രസ്താവനയെയും അടിസ്ഥാനമാക്കി യു.എസ്. ഭരണകൂടത്തിൻ്റെ നയങ്ങൾ എന്താണെന്ന് ഊഹിക്കാൻ ശ്രമിക്കുന്നത് യൂറോപ്യൻ നയതന്ത്രജ്ഞർ വളരെ മുൻപേ അവസാനിപ്പിച്ച ഒന്നാണ്. എന്നിട്ടും, ഇന്ത്യയിൽ ഇപ്പോഴും പലരും ഇത് തുടരുന്നു. ചൈനയുടെ ‘ഇരുണ്ട കൈകളി’ലേക്ക് റഷ്യയെയും ഇന്ത്യയെയും നഷ്ടപ്പെട്ടതായി ട്രംപ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന, ഇന്ത്യയും യു.എസ്സും തമ്മിലുള്ള ബന്ധം വഷളാകുകയാണെന്നും ഇന്ത്യ ചൈനയോട് അടുക്കുകയാണെന്നുമുള്ള തെറ്റായ വിലയിരുത്തലുകളിലേക്ക് പലരെയും നയിച്ചു. എന്നാൽ, ഒരു ഭരണാധികാരിയുടെ പെട്ടെന്നുള്ള നിലപാടുകളല്ല, രാജ്യത്തിന്റെ അടിസ്ഥാനപരമായ ദേശീയ താൽപ്പര്യങ്ങളാണ് നയതന്ത്രബന്ധങ്ങളെ നയിക്കുന്നത് എന്ന വസ്തുത മറക്കുമ്പോഴാണ് ഇത്തരം തെറ്റായ കണക്കുകൂട്ടലുകളിൽ എത്തുന്നത്.

ബന്ധം മെച്ചപ്പെടുന്നു; ആശങ്കകൾ നിലനിൽക്കുന്നു

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേലുള്ള തീരുവ വർധനയെ തുടർന്നുള്ള വ്യാപാര തർക്കങ്ങൾക്കിടയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുന്നതിൻ്റെ സൂചനകൾ പ്രകടമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രംപ് പ്രശംസിച്ചതും അതിനോട് മോദി അനുകൂലമായി പ്രതികരിച്ചതും ഈ പുരോഗതിക്ക് ആക്കം കൂട്ടി. ഈ നയതന്ത്രപരമായ മഞ്ഞുരക്കം ഇന്ത്യൻ ഐടി കമ്പനികൾക്ക് വലിയ പ്രതീക്ഷ നൽകുന്നു. കാരണം, നയതന്ത്രബന്ധം വഷളാകുകയാണെങ്കിൽ അത് ഇന്ത്യൻ ഐടി മേഖലക്ക് കനത്ത തിരിച്ചടിയാകും.

അതേസമയം, വ്യാപാരയുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ, യു.എസ്. ഐടി കമ്പനികളിൽ നിന്നുള്ള ‘ഔട്ട്‌സോഴ്സിങ്’ നിർത്തലാക്കാൻ ട്രംപ് ഭരണകൂടം ശ്രമിച്ചേക്കുമെന്ന റിപ്പോർട്ടുകൾ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇന്ത്യയെ വരുതിയിൽ നിർത്താൻ ട്രംപ് ഈ നീക്കം നടത്തിയേക്കുമെന്നാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ ഐടി ഔട്ട്‌സോഴ്സിങ് തടയാൻ ശ്രമം നടക്കുന്നുണ്ടെന്നും, ഇനി കോൾ സെന്ററുകൾ അമേരിക്കൻ ആകുമെന്നും യു.എസ്. വലതുപക്ഷ ആക്ടിവിസ്റ്റായ ലോറ ലൂമർ എക്സ് പോസ്റ്റിൽ പരിഹാസരൂപേണ കുറിച്ചത് ഈ ആശങ്കകൾക്ക് കൂടുതൽ ശക്തി പകർന്നു. ഈ നീക്കം നടപ്പിലാക്കിയാൽ അത് ഇന്ത്യയുടെ ഐടി സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുകയും, വലിയ തൊഴിൽ നഷ്ടങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യും.

നിലപാടുകളിലെ ചാഞ്ചാട്ടം

ഇന്ത്യയെ നഷ്ടമായെന്ന് നേരത്തെ പറഞ്ഞിരുന്ന ട്രംപ് പിന്നീട് തൻ്റെ നിലപാട് മയപ്പെടുത്തി. “നമുക്ക് ഇന്ത്യയെ നഷ്ടമായി എന്ന് ഞാൻ കരുതുന്നില്ല. അവർ റഷ്യയിൽ നിന്നും ഇത്രയധികം എണ്ണ വാങ്ങുന്നതിൽ എനിക്ക് നിരാശയുണ്ട്. ഞാൻ അത് അവരെ അറിയിച്ചിട്ടുണ്ട്. ഇന്ത്യക്ക് മേൽ ഞങ്ങൾ വലിയ തീരുവ ചുമത്തിയിരിക്കുകയാണ്. എങ്കിലും ഞാൻ എക്കാലവും മോദിയുമായുള്ള സൗഹൃദം തുടരും. അദ്ദേഹം ഗംഭീരനായ പ്രധാനമന്ത്രിയാണ്… പക്ഷേ ഇപ്പോൾ അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ എനിക്കിഷ്ടമാകുന്നില്ല. ഇന്ത്യയും അമേരിക്കയും തമ്മിൽ എക്കാലവും വളരെ സവിശേഷമായ ബന്ധമുണ്ടായിരുന്നു. അതിനെക്കുറിച്ച് ആശങ്കപ്പെടാനില്ല, വല്ലപ്പോഴും ഇതുപോലെ ചില പ്രശ്‌നങ്ങൾ ഉണ്ടാകും എന്ന് മാത്രം,” എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം.

മോദിയുടെ പ്രതികരണവും ഇതിന് സമാനമായിരുന്നു. “പ്രസിഡന്റ് ട്രംപിന്റെ വിചാരങ്ങളെ ഞാൻ ആത്മാർത്ഥമായി മനസ്സിലാക്കുന്നു, അതേ രൂപത്തിൽ പങ്കുവയ്ക്കുകയും ചെയ്യുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ളത് വളരെ സൃഷ്ടിപരവും പുരോഗമനപരവും സമഗ്രവുമായ ആഗോള പ്രാധാന്യമുള്ള തന്ത്രപരമായ പങ്കാളിത്തമാണ്,” മോദി വ്യക്തമാക്കി. ട്രംപിന്റെ പ്രസ്താവനക്ക് മണിക്കൂറുകൾക്കുള്ളിൽ കാര്യങ്ങൾക്ക് മാറ്റമുണ്ടായി. ഈ സംഭവങ്ങൾ ഒരു ഭരണാധികാരിയുടെ പെട്ടെന്നുള്ള നിലപാടുകളല്ല, മറിച്ച് രാജ്യത്തിൻ്റെ ദീർഘകാല താൽപ്പര്യങ്ങളാണ് നയതന്ത്രത്തെ നയിക്കുന്നത് എന്നതിൻ്റെ തെളിവാണ്.

തന്ത്രപരമായ പങ്കാളിത്തം

യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്കിയെ വൈറ്റ് ഹൗസിൽ വിളിച്ചുവരുത്തി ‘ഇരുത്തിപ്പൊരിക്കുന്ന’ ട്രംപിൻ്റെ ദൃശ്യങ്ങൾ കണ്ടപ്പോൾ യുക്രെയ്‌നെ യു.എസ്. കൈവിട്ടെന്നും പുടിനുമായി ധാരണയിലെത്തിയെന്നും പലരും കരുതി. എന്നാൽ, യുക്രെയ്‌ന് യു.എസ്. സൈനികസഹായം തുടർന്നു. ഇപ്പോഴത്തെ യൂറോപ്യൻ രാഷ്ട്രീയ സാഹചര്യത്തിൽ യുക്രെയ്‌നെ കൈവിടാൻ യു.എസ്സിന് സാധിക്കില്ല. അതുപോലെ, ഏഷ്യയിലെ ശക്തി സന്തുലിതാവസ്ഥയിൽ ചൈനയുടെ കൈകളിലേക്ക് വഴുതിപ്പോകാൻ ഇന്ത്യയെ യു.എസ്. അനുവദിക്കില്ല. ചൈനയെയും ഇന്ത്യയെയും ഒരുമിച്ച് കൊണ്ടുവരാൻ ശ്രമിക്കുന്ന റഷ്യക്ക് പോലും ഈ കാര്യം നന്നായി അറിയാം.

അടിസ്ഥാനപരമായ താൽപ്പര്യങ്ങളിലും നയങ്ങളിലും മാറ്റം വരുത്താതെ, വ്യാപാരകാര്യങ്ങളിലും ചില നിലപാടുകളിലും നീക്കുപോക്കുകൾ നടത്താൻ ട്രംപ് ഇന്ത്യയുടെ മേൽ സമ്മർദ്ദം ചെലുത്തുകയാണ്. ഇന്ത്യക്കെതിരെ ശക്തമായ ഭാഷയിൽ സംസാരിച്ചുകൊണ്ടിരുന്നപ്പോഴും, ഇന്ത്യക്ക് യുദ്ധവിമാന എഞ്ചിൻ സാങ്കേതികവിദ്യ കൈമാറുന്നത് സംബന്ധിച്ച ചർച്ചകൾ ട്രംപ് ഭരണകൂടം നടത്തിയിരുന്നുവെന്നത് ഈ തന്ത്രപരമായ നിലപാടിന് അടിവരയിടുന്നു.

ഇന്ത്യൻ നിലപാടുകളും ഭാവി വെല്ലുവിളികളും

അമേരിക്കൻ താൽപ്പര്യങ്ങൾക്കനുസരിച്ച്, അടിസ്ഥാന നിലപാടുകളിലല്ലെങ്കിലും ചില താൽക്കാലിക നടപടികളിൽ മാറ്റങ്ങൾക്ക് തയ്യാറാണെന്ന് ഇന്ത്യയും വ്യക്തമാക്കുന്നു. ഡോളറിൻ്റെ ആഗോള വാണിജ്യ ആധിപത്യത്തിനു തുരങ്കംവെക്കാനുള്ള ബ്രിക്സ് കൂട്ടായ്മയിലെ നീക്കങ്ങളോട് ഇന്ത്യ യോജിക്കുന്നില്ല. ബ്രസീലിൽ നടക്കുന്ന ബ്രിക്സ് യോഗത്തിൽ പ്രധാനമന്ത്രി മോദിക്ക് പകരം വിദേശകാര്യ മന്ത്രിയാണ് പങ്കെടുക്കുക. ഈ തീരുമാനം ഇന്ത്യ-യു.എസ്. ബന്ധത്തിൻ്റെ തന്ത്രപരമായ പ്രാധാന്യം വ്യക്തമാക്കുന്നു.

ഈ വർഷം ന്യൂഡൽഹിയിൽ വെച്ച് നടക്കാനിരിക്കുന്ന ക്വാഡ് ഉച്ചകോടിക്ക് യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് എത്തുമോ എന്നതും പ്രധാനമാണ്. ഇന്ത്യ-യു.എസ്. ബന്ധത്തിലെ വിള്ളൽ ക്വാഡ് ഉച്ചകോടിയെ ബാധിച്ചേക്കുമെന്നും, ട്രംപ് പങ്കെടുത്തില്ലെങ്കിൽ 2026-ൽ മിയാമിയിൽ ട്രംപിന്റെ ഗോൾഫ് ക്ലബ്ബിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ മോദിയും പങ്കെടുത്തേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഈ മാസം അവസാനിക്കുന്ന യു.എൻ. പൊതുസഭയുടെ വാർഷിക സമ്മേളനത്തിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കില്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രസംഗിക്കുക. ഈ സംഭവവികാസങ്ങൾ ഇന്ത്യ-യു.എസ്. ബന്ധത്തിലെ സങ്കീർണ്ണതകൾ വെളിവാക്കുന്നു.

Trump’s bold statements and the reality of India-US relations

Share Email
Top