ചെന്നൈ: തമിഴ്‌നാട്ടിൽ ബിജെപി നയിക്കുന്ന എൻ.ഡി.എക്ക് വീണ്ടും തിരിച്ചടി. അണ്ണാ മക്കൾ മുന്നേറ്റ കഴകം (എ.എം.എം.കെ) ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരൻ മുന്നണി വിടുന്നതായി പ്രഖ്യാപിച്ചു. ഒ. പനീർശെൽവം (ഒ.പി.എസ്.) വിഭാഗം സഖ്യം വിട്ടതിന് പിന്നാലെയാണ് ദിനകരന്റെ നിർണായക തീരുമാനം.
തമിഴ്‌നാട്ടിൽ നിർണായക സ്വാധീനമുള്ള തേവർ സമുദായത്തിൽ വലിയ പിന്തുണയുള്ള നേതാവാണ് ദിനകരൻ. ഈ സാഹചര്യത്തിൽ ദിനകരന്റെ പിന്മാറ്റം 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള തർക്കങ്ങളും ബി.ജെ.പി.യുടെ തമിഴ്‌നാട്ടിലെ നീക്കങ്ങളോടുള്ള ദിനകരന്റെ അതൃപ്തിയും മുന്നണി വിടാൻ കാരണമായതായി റിപ്പോർട്ടുകളുണ്ട്.