റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് തുടരും; യു.എസ്. താരിഫ് കാരണം പ്രതിസന്ധിയിലായ കയറ്റുമതിക്കാർക്ക് പ്രത്യേക പാക്കേജ് ഉടൻ

റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് തുടരും; യു.എസ്. താരിഫ് കാരണം പ്രതിസന്ധിയിലായ കയറ്റുമതിക്കാർക്ക് പ്രത്യേക പാക്കേജ്  ഉടൻ

ന്യൂഡൽഹി: യു.എസ്. ഏർപ്പെടുത്തിയ ഉയർന്ന താരിഫ് മൂലം പ്രതിസന്ധിയിലായ കയറ്റുമതിക്കാരെ സംരക്ഷിക്കാൻ ഒരു പ്രത്യേക പാക്കേജ് ഉടൻ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. നിലവിലെ സാഹചര്യം ഉടൻ മാറുമെന്ന് പറഞ്ഞ് കയറ്റുമതിക്കാരെ അവഗണിക്കാനാവില്ലെന്നും സർക്കാർ അവർക്കൊപ്പം നിൽക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് 27 മുതൽ യു.എസ്. ചുമത്തിയ 50% താരിഫ് ബാധിച്ച വ്യവസായങ്ങളെ ലക്ഷ്യമിട്ടാണ് ഈ പാക്കേജെന്നും നിർമല സീതാരാമൻ പറഞ്ഞു.

കയറ്റുമതിക്കാരെ സഹായിക്കാൻ വിവിധ ഘടകങ്ങളടങ്ങിയ പാക്കേജാണ് പരിഗണനയിലുള്ളത്. ഇതിന് മന്ത്രിസഭയുടെ അംഗീകാരം കാത്തിരിക്കുകയാണ്. പുതിയ വിപണികൾ പെട്ടെന്ന് കണ്ടെത്തുന്നത് കയറ്റുമതിക്കാർക്ക് ഒരു വെല്ലുവിളിയായതിനാൽ, അവരെ സഹായിക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ, പാക്കേജിന്റെ വിശദാംശങ്ങൾ അവർ വെളിപ്പെടുത്തിയില്ല.

റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് തുടരുമെന്നും സീതാരാമൻ വ്യക്തമാക്കി. “റഷ്യൻ എണ്ണയായാലും മറ്റെന്തായാലും, ഇന്ത്യയുടെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഇടത്തുനിന്ന് വാങ്ങും. വലിയ തുകയാണ് എണ്ണ ഇറക്കുമതിക്കായി ചെലവാക്കുന്നത്, ആ ഇടപാട് നമുക്ക് ഏറ്റവും അനുയോജ്യമായ വിധത്തിലായിരിക്കണം. തീർച്ചയായും റഷ്യയിൽനിന്ന് എണ്ണ വാങ്ങും,” നിർമല സീതാരാമൻ പറഞ്ഞു.

റഷ്യയിൽനിന്ന് എണ്ണ വാങ്ങരുതെന്ന മുന്നറിയിപ്പ് അവഗണിച്ചതിനെ തുടർന്ന് ഇന്ത്യയ്ക്ക് മേൽ യു.എസ്. പിഴത്താരിഫ് ഉൾപ്പെടെ 50% താരിഫ് ചുമത്തിയിരുന്നു. ഓഗസ്റ്റ് ഏഴ് മുതൽ ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ചില ഉത്പന്നങ്ങൾക്ക് 25% താരിഫ് ഏർപ്പെടുത്തിയതിന് പുറമെയാണിത്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യ റഷ്യയെ സഹായിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഓഗസ്റ്റ് 27 മുതൽ 25% പിഴത്താരിഫ് കൂടി ചുമത്തിയത്.

യു.എസ്. താരിഫ് 50 ശതമാനമായി ഉയർന്നത് ഇന്ത്യയിൽനിന്നുള്ള തുണിത്തരങ്ങൾ, ചെമ്മീൻ, തുകൽ, രത്നാഭരണങ്ങൾ തുടങ്ങിയവയുടെ കയറ്റുമതിയെ സാരമായി ബാധിച്ചു. തിരുപ്പൂർ, നോയിഡ, സൂറത്ത് എന്നിവിടങ്ങളിലെ തുണിത്തര, വസ്ത്ര നിർമാതാക്കൾ ഉത്പാദനം നിർത്തിവെച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യം നേരിടാൻ കയറ്റുമതി പ്രോത്സാഹന ദൗത്യം, പ്രത്യേക സാമ്പത്തിക മേഖല, ആഭ്യന്തര ആവശ്യം വർധിപ്പിക്കുന്നതിനായി ഭക്ഷ്യസംസ്കരണം, തുണി വ്യവസായം പോലുള്ള തൊഴിൽ പ്രാധാന്യമുള്ള മേഖലകളെ ജി.എസ്.ടി. വഴി പിന്തുണയ്ക്കൽ തുടങ്ങിയവ സർക്കാർ ആലോചിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

U.S. Tariffs: Special package coming for exporters in crisis

Share Email
Top