കീവ്: റഷ്യൻ ക്രൂയിസ് മിസൈലിൽ യുഎസ് നിർമ്മിത ഭാഗങ്ങൾ കണ്ടെത്തിയതായി ഉക്രേനിയൻ അധികൃതർ. തലസ്ഥാനമായ കീവിലെ ഒരു സർക്കാർ കെട്ടിടത്തിൽ ഞായറാഴ്ച പതിച്ച മിസൈലിൽ നിന്നാണ് ഈ ഭാഗങ്ങൾ കണ്ടെത്തിയത്. അമേരിക്കയിൽ നിർമ്മിച്ച ചിപ്പുകളും മറ്റ് ഇലക്ട്രോണിക് ഘടകങ്ങളും ഉൾപ്പെടെ ഡസൻ കണക്കിന് വിദേശ ഭാഗങ്ങൾ ഇതിൽ ഉണ്ടായിരുന്നു.
മിസൈൽ കെട്ടിടത്തിൽ പതിച്ചപ്പോൾ പൊട്ടിത്തെറിക്കാതിരുന്നത് ഉക്രേനിയൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ കാരണം അതിന് കേടുപാടുകൾ സംഭവിച്ചതുകൊണ്ടാകാം എന്ന് ഉക്രെയ്‌നിൻ്റെ പ്രസിഡൻഷ്യൽ കമ്മീഷണർ വ്ലാഡിസ്ലാവ് വ്ലാസിയുക് ചൊവ്വാഴ്ച പറഞ്ഞു. തകർന്ന മിസൈലിന്റെ ചിത്രങ്ങളും, സമാന മിസൈലുകളിൽ നേരത്തെ കണ്ടെത്തിയ ഘടകങ്ങളുടെ പട്ടികയും വ്ലാസിയുക് പുറത്തുവിട്ടു.