ഡൽഹി: 2020 ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമര്‍ ഖാലിദ്, ഷർജീൽ ഇമാം അടക്കമുള്ള എട്ട് പേരുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. സിഎഎ വിരുദ്ധ സമരവും തുടർന്നുണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത ഇവർ കഴിഞ്ഞ അഞ്ച് വർഷമായി വിചാരണ കൂടാതെ ജയിലിൽ കഴിയുകയാണ്. കോടതിയുടെ ഈ തീരുമാനം വിവാദമായ കേസിന്റെ നിയമപോരാട്ടത്തിൽ ഒരു നിർണായക വഴിത്തിരിവായാണ് വിലയിരുത്തപ്പെടുന്നത്.
അറസ്റ്റിന് ശേഷം നീണ്ട അഞ്ച് വർഷത്തിന് ശേഷമാണ് ഷർജീൽ ഇമാം ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പ്രസ്താവിച്ചത്. ദില്ലി കലാപത്തിന്റെ പശ്ചാത്തലത്തിൽ ഗൂഢാലോചന ആരോപിച്ച് യുഎപിഎ ഉൾപ്പെടെയുള്ള കർശന വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്. വിദ്യാർത്ഥി സംഘടനാ പ്രവർത്തകരായ ഇവർക്കെതിരെ വിചാരണ വൈകുന്നതും ജാമ്യം നിഷേധിക്കപ്പെടുന്നതും മനുഷ്യാവകാശ പ്രശ്നങ്ങളെ ഉയർത്തിക്കാട്ടുന്നുവെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഇൻജസ്റ്റീസ് ഹാഷ് ടാഗിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധത്തിന് ആഹ്വാനം ഉയർന്നിട്ടുണ്ട്.













