തിരുവനന്തപുരം: കേരളത്തിലെ സിനിമാ വ്യവസായത്തിന് വഴിത്തിരിവാകുന്ന ഏകീകൃത ഇ-ടിക്കറ്റിങ് സംവിധാനം നടപ്പിലാക്കുന്നതിനുള്ള സുപ്രധാന ധാരണാപത്രം ഒപ്പിട്ടു. സംസ്ഥാന സർക്കാർ നേതൃത്വം നൽകുന്ന ഈ സംവിധാനത്തിനായി സോഫ്റ്റ്‌വെയർ വികസിപ്പിക്കാനുള്ള കരാറാണ് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷനും (കെ.എസ്.എഫ്.ഡി.സി.) ഡിജിറ്റൽ യൂണിവേഴ്‌സിറ്റി ഓഫ് കേരളയും തമ്മിൽ ഒപ്പുവെച്ചത്.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിലായിരുന്നു കരാർ കൈമാറ്റം. കെ.എസ്.എഫ്.ഡി.സി. മാനേജിങ് ഡയറക്ടർ പ്രിയദർശനൻ പി.എസ്., ഡിജിറ്റൽ യൂണിവേഴ്‌സിറ്റി രജിസ്ട്രാർ ഡോ. എ. മുജീബ് എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
സിനിമാ വ്യവസായത്തെ കൂടുതൽ സുതാര്യവും കാര്യക്ഷമവും ആക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഇ-ടിക്കറ്റിങ് സംവിധാനത്തിന്റെ ചുമതല കെ.എസ്.എഫ്.ഡി.സി.ക്കാണ്. കേരളത്തിലെ എല്ലാ തിയേറ്ററുകളിലേക്കും വ്യാപിപ്പിക്കുന്ന ഈ സംവിധാനം 2026 ഫെബ്രുവരി മാസത്തോടെ പൊതുജനങ്ങൾക്ക് പൂർണ്ണമായും ഉപയോഗിക്കാൻ കഴിയുംവിധം സജ്ജമാക്കും. സിനിമാ വ്യവസായത്തിന്റെ സമഗ്രമായ വികസനത്തിന് ഈ പുതിയ സംവിധാനം മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
Unified e-ticketing system in cinema theatres in Kerala: MoU signed to develop software