ന്യൂയോർക്ക്: യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ സ്പാനിഷ് താരം കാർലോസ് അൽകരാസ് വിജയിച്ചു. വാശിയേറിയ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യനും ഒന്നാം നമ്പർ താരവുമായ ഇറ്റലിയുടെ യാനിക് സിന്നറെയാണ് അൽകരാസ് പരാജയപ്പെടുത്തിയത്.
നാല് സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ 6-2, 3-6, 6-1, 6-4 എന്ന സ്കോറിനാണ് അൽകരാസ് കിരീടം സ്വന്തമാക്കിയത്. ഇത് താരത്തിൻ്റെ കരിയറിലെ ആറാമത്തെ ഗ്രാൻഡ് സ്ലാം കിരീടവും രണ്ടാമത്തെ യുഎസ് ഓപ്പൺ കിരീടവുമാണ്. ഈ വിജയത്തോടെ അൽകാരാസ് എടിപി റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരികെ നേടി.
ഫൈനലിൽ അൽകരാസിൻ്റെ മികച്ച സർവീസും ഷോട്ടുകളിലെ വൈവിധ്യവുമാണ് വിജയത്തിന് നിർണായകമായത്. കടുത്ത സമ്മർദ്ദത്തിന് കീഴിലും മികച്ച പ്രകടനം കാഴ്ചവെച്ച് തൻ്റെ ആറാം ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കിയ അൽകരാസ്, സിന്നറുടെ 27 മത്സരങ്ങളിലെ വിജയ പരമ്പര അവസാനിപ്പിച്ചു.
ഈ സീസണിൽ ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ ഫൈനലുകളിലും ഈ താരങ്ങൾ ഏറ്റുമുട്ടിയിരുന്നു. ഫ്രഞ്ച് ഓപ്പൺ അൽകരാസ് നേടിയപ്പോൾ, വിംബിൾഡൺ കിരീടം സിന്നറാണ് സ്വന്തമാക്കിയത്.