സിഡ്നി: ഓസ്‌ട്രേലിയയിൽ ആസൂത്രണം ചെയ്ത പുതിയ പ്രതിരോധ കേന്ദ്രങ്ങൾ ഓക്കസ് (AUKUS) ആണവ അന്തർവാഹിനി കരാറിന്റെ ഭാഗമായി അമേരിക്കയ്ക്ക് ഉപയോഗിക്കാൻ സാധിക്കുമെന്ന് ഓസ്‌ട്രേലിയൻ പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലെസ് അറിയിച്ചു.
പെർത്തിന് സമീപമുള്ള ഹെൻഡേഴ്സൺ കപ്പൽശാല നവീകരിക്കുന്നതിനായി ഓസ്‌ട്രേലിയ 12 ബില്യൺ ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 8 ബില്യൺ യു.എസ്. ഡോളർ) ചെലവഴിക്കുമെന്ന് കഴിഞ്ഞ ദിവസം സർക്കാർ പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ ഓക്കസ് അന്തർവാഹിനി കപ്പലിന്റെ അറ്റകുറ്റപ്പണികൾക്കുള്ള പ്രധാന കേന്ദ്രമായി ഈ കപ്പൽശാലയെ മാറ്റുന്ന 20 വർഷത്തെ പദ്ധതിയുടെ ഭാഗമാണിത്.
2021-ൽ ഓസ്‌ട്രേലിയ, ബ്രിട്ടൻ, യു.എസ്. എന്നിവർ ചേർന്ന് രൂപീകരിച്ചതാണ് ഓക്കസ് കരാർ. ഇന്ത്യ-പസഫിക് മേഖലയിൽ ചൈനയുടെ നീക്കങ്ങളെ പ്രതിരോധിക്കാൻ അടുത്ത ദശകത്തോടെ ഓസ്‌ട്രേലിയയ്ക്ക് ആണവശക്തിയുള്ള അന്തർവാഹിനികൾ നൽകുക എന്നതാണ് ഈ കരാറിന്റെ ലക്ഷ്യം. അതേസമയം, നിലവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം ഈ കരാർ ഔദ്യോഗികമായി പുനരവലോകനം ചെയ്യുന്നുണ്ട്.
ഹെൻഡേഴ്സൺ കപ്പൽശാലയിലെ ഡ്രൈ ഡോക്കുകൾ ആണവശക്തിയുള്ള അന്തർവാഹിനികൾക്കായി അമേരിക്കക്ക് ഉപയോഗിക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിന്, “ഇതൊരു ഓക്കസ് കേന്ദ്രമാണ്, അതിനാൽ ഞാൻ അത് പ്രതീക്ഷിക്കുന്നു,” എന്ന് മാർലെസ് മറുപടി നൽകി.