ആഗോള അയ്യപ്പ സംഗമം അത്ഭുതമാകും, ശബരിമലയുടെ പ്രസക്തി ഉയർത്തുമെന്നും വെള്ളാപ്പള്ളി; ‘സതീശന്‍റെ സംസാരം ശരിയല്ല, മുഖ്യമന്ത്രിയാകാനുള്ള റിഹേഴ്സലിലാണ്’

ആഗോള അയ്യപ്പ സംഗമം അത്ഭുതമാകും, ശബരിമലയുടെ പ്രസക്തി ഉയർത്തുമെന്നും വെള്ളാപ്പള്ളി; ‘സതീശന്‍റെ സംസാരം ശരിയല്ല, മുഖ്യമന്ത്രിയാകാനുള്ള റിഹേഴ്സലിലാണ്’

കൊല്ലം: ആഗോള അയ്യപ്പ സംഗമം ശബരിമലയുടെ പ്രസക്തി ലോകത്തിന്റെ നെറുകയിൽ എത്തിക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ഭക്തരെ പങ്കെടുപ്പിച്ച് നടത്തുന്ന ഈ പരിപാടി അത്ഭുതകരമായിരിക്കുമെന്നും, ഇത് ശബരിമലയുടെ വരുമാനം വർധിപ്പിക്കുകയും കേരളത്തിന്റെയും രാജ്യത്തിന്റെയും സാമ്പത്തിക വളർച്ചയ്ക്ക് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വികസനത്തിന്റെ പാതയിലാണെന്നും, പിന്നിൽ നിന്ന് കുത്തുന്നതും പിന്തിരിഞ്ഞ് നിൽക്കുന്നതും അപഹാസ്യമാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. ആഗോള അയ്യപ്പ സംഗമത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തുന്ന ആരോപണങ്ങളെ അദ്ദേഹം ബാലിശമെന്ന് വിശേഷിപ്പിച്ചു.

സ്ത്രീ പ്രവേശന വിഷയം ഇപ്പോൾ പ്രസക്തമല്ലെന്നും ദേവസ്വം ബോർഡ് കാര്യക്ഷമമായി മുന്നോട്ട് പോകുന്നുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. എന്നാൽ, വനം വകുപ്പിന്റെ അനാവശ്യ ഇടപെടലുകളും വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവും ചെറിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നും ശബരിമലയുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ നടപടി സ്വീകരിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

യുഡിഎഫിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുവെന്നും, ലീഗും കേരള കോൺഗ്രസും ഉള്ളിടത്തോളം ആശയ ഐക്യം സാധ്യമല്ലെന്നും അദ്ദേഹം വിമർശിച്ചു. വി ഡി സതീശനെ എസ്എൻഡിപി പരിപാടികളിലേക്ക് ക്ഷണിച്ചത് പ്രതിപക്ഷ നേതാവ് എന്ന നിലയിലാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. എല്ലാത്തിനോടും എതിർപ്പ് പ്രകടിപ്പിക്കുകയും മുഖ്യമന്ത്രിയാകാനുള്ള റിഹേഴ്സൽ നടത്തുകയാണ് സതീശനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സതീശന്റെ സമീപനത്തിനും സംസാരത്തിനും ആവശ്യമായ നിലവാരം ഇല്ലെന്ന് വിമർശിച്ച വെള്ളാപ്പള്ളി, മുൻ പ്രതിപക്ഷ നേതാക്കളെ അപേക്ഷിച്ച് കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് കുറവാണെന്നും കുറ്റപ്പെടുത്തി. സതീശന്റെ സംസാരം ശരിയല്ലെന്നും, മുഖ്യമന്ത്രി ആകാനുള്ള യോഗ്യത ജനങ്ങൾ തീരുമാനിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share Email
More Articles
Top