തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്ക ശ്രമിക്കുന്നു: ആരോപണവുമായി വെനസ്വേലന്‍ പ്രസിഡന്റ്

തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്ക ശ്രമിക്കുന്നു: ആരോപണവുമായി വെനസ്വേലന്‍ പ്രസിഡന്റ്

കാരാകാസ്: തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്ക ശ്രമിക്കുന്നെന്ന ഗുരുതര ആരോപണവുമായി വെനസ്വേലന്‍ പ്രസിഡന്റ് നിക്കൊളാസ് മഡൂറോ. കരീബിയനില്‍ ഈയടുത്ത് യുഎസ് നടത്തിയ നാവികസേനാവിന്യാസം വെനസ്വേലയുടെ പരമാധികാരത്തിന് ഭീഷണി ഉയര്‍ത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈനികഭീഷണിയിലൂടെ ഭരണമാറ്റമാണ് അവര്‍ (യുഎസ്) ലക്ഷ്യംവെക്കുന്നത്. തെക്കേ അമേരിക്ക കഴിഞ്ഞ നൂറുകൊല്ലത്തിനിടെ കണ്ട ഏറ്റവുംവലിയ ഭീഷണിയാണ് യുഎസിന്റെ സേനാവിന്യാസമെന്നും മഡൂറോ ആരോപിച്ചു.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്കെതിരേയും അതിരൂക്ഷ വിമര്‍ശനമാണ് മഡൂറോ ഉന്നയിച്ചത്. റൂബിയോ അദ്ദേഹത്തിന്റെ കൈകളില്‍ തെക്കേ അമേരിക്കന്‍, കരീബിയന്‍, വെനസ്വേലന്‍ രക്തംപുരളാന്‍ ആഗ്രഹിക്കുകയാണെന്ന് മഡൂറോ കുറ്റപ്പെടുത്തി. തങ്ങളുടെ തലയ്ക്കു മീതേ പതിനായിരം മിസൈലുകള്‍ തൊടുത്താലും വെനസ്വേലക്കാര്‍ ബഹുമാനിക്കപ്പെടുകതന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദക്ഷിണ കരീബിയനിലും സമീപത്തും ഇക്കഴിഞ്ഞ ആഴ്ചകളില്‍ യുഎസ്, തങ്ങളുടെ സൈനികവിന്യാസം ശക്തമാക്കിയിരുന്നു. ലാറ്റിന്‍ അമേരിക്കന്‍ മയക്കുമരുന്നുസംഘങ്ങളില്‍നിന്നുള്ള ഭീഷണി നേരിടാനാണ് ഈ നടപടിയെന്ന് യുഎസ് ഉന്നതോദ്യോഗസ്ഥര്‍ വിശദീകരിക്കുകയും ചെയ്തിരുന്നു.

അതേസമയം, മഡൂറോയുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങള്‍ കൈമാറുന്നവര്‍ക്കുള്ള പാരിതോഷികം ഓഗസ്റ്റ് മാസത്തിൽ യുഎസ് അന്‍പത് മില്യണ്‍ ഡോളറായി ഉയര്‍ത്തിരുന്നു. മയക്കുമരുന്ന് കടത്ത്, ക്രിമിനല്‍ സംഘങ്ങളുമായുള്ള ബന്ധം തുടങ്ങിയ കുറ്റങ്ങളാണ് മഡൂറോയ്ക്കുമേല്‍ യുഎസ് ചുമത്തിയിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് കടത്തുകാരില്‍ ഒരാളാണ് മഡൂറോയെന്നാണ് യുഎസ് ആരോപണം. എന്നാല്‍, ഈ ആരോപണങ്ങള്‍ വെനസ്വേല തള്ളിക്കളഞ്ഞിട്ടുണ്ട്.

Venezuela’s president accuses US of trying to overthrow his government

Share Email
LATEST
More Articles
Top