ഡൽഹി: ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പാർലമെന്റ് മന്ദിരത്തിൽ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം വോട്ട് രേഖപ്പെടുത്തി. കേന്ദ്രമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദ, കോൺഗ്രസ് നേതാക്കളായ മല്ലികാർജ്ജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവരും വോട്ട് ചെയ്യാനെത്തി. ഭരണകക്ഷിയായ എൻഡിഎയുടെ സ്ഥാനാർഥിയായി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണൻ (67) മത്സരിക്കുമ്പോൾ, പ്രതിപക്ഷ സഖ്യത്തിന് വേണ്ടി സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡി (79) രംഗത്തുണ്ട്.
വോട്ടെടുപ്പ് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പാർലമെന്റ് മന്ദിരത്തിലെ എഫ്–101 (വസുധ) മുറിയിൽ നടക്കും. വൈകിട്ട് 6 മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ജഗദീപ് ധൻകർ രാജിവച്ചതിനെ തുടർന്ന് ഒഴിവുവന്ന പദവിയിലേക്കാണ് ഈ തിരഞ്ഞെടുപ്പ്. ഇരുസഭകളിലെയും അംഗബലം കണക്കാക്കുമ്പോൾ എൻഡിഎയ്ക്ക് വിജയസാധ്യത കൂടുതലാണ്. എന്നാൽ, പ്രതിപക്ഷ സഖ്യം വോട്ടെണ്ണം വർധിപ്പിക്കാനും ശക്തി പ്രകടിപ്പിക്കാനുമുള്ള ശ്രമത്തിലാണ്.
എൻഡിഎ എംപിമാർ മനസാക്ഷി വോട്ട് ചെയ്യണമെന്ന് ഇന്ത്യ സഖ്യം ആവശ്യപ്പെട്ടു. എന്നാൽ, ഈ ആഹ്വാനത്തെ ബിജെപി “നാണംകെട്ട” എന്ന് വിമർശിച്ചു. കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം തന്ത്രപരമായ ഇടപെടലുകൾ വഴി സ്വാധീനം വർധിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ, തിരഞ്ഞെടുപ്പ് രാഷ്ട്രീയമായി ചൂടുപിടിച്ചിരിക്കുകയാണ്.