കെപിസിസി സമൂഹമാധ്യമ ചുമതലയിൽ നിന്ന് വി ടി ബൽറാം രാജിവെച്ചു. ബീഡി-ബിഹാർ പോസ്റ്റ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. കോൺഗ്രസ് കേരളയുടെ എക്സ് ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ട വിവാദ പോസ്റ്റ് പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചതായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി. പോസ്റ്റ് തെറ്റായിപ്പോയെന്നും ജാഗ്രതക്കുറവും സൂക്ഷ്മതക്കുറവും ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. അഡ്മിനുകളും ഓപ്പറേറ്റർമാരും ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും കോൺഗ്രസ് ഇത്തരം നിലപാടുകളെ അംഗീകരിക്കുന്നില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
വിഷയത്തിൽ വി ടി ബൽറാമിനോട് വിശദീകരണം തേടിയിരുന്നതായി കെപിസിസി അധ്യക്ഷൻ സ്ഥിരീകരിച്ചു. ബൽറാമിനാണ് സോഷ്യൽ മീഡിയ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്നത്. വിവാദ പോസ്റ്റ് ‘ബീഡിയും ബിഹാറും ‘ബി’യിലാണ് തുടങ്ങുന്നത്, അതിനെ ഇനി പാപമായി കണക്കാക്കാനാവില്ല’ എന്നതായിരുന്നു, ഇത് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കി. പിശക് സംഭവിച്ചുവെന്നും അത് തിരുത്താൻ ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും സണ്ണി ജോസഫ് അറിയിച്ചു. കൂടാതെ, കോൺഗ്രസിന്റെ സോഷ്യൽ മീഡിയ വിങ് പുനഃസംഘടിപ്പിക്കാൻ കെപിസിസി തീരുമാനിച്ചു.