ന്യൂയോർക്ക്: റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്കെതിരെ പുതിയ വിമർശനവുമായി വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. ബ്രാഹ്‌മണർ ഇന്ത്യൻ ജനതയുടെ ചെലവിൽ ലാഭം കൊയ്യുകയാണെന്നും അത് നിർത്തണമെന്നും അദ്ദേഹം പറഞ്ഞു.
” നോക്കൂ, നരേന്ദ്ര മോദി ഒരു മികച്ച നേതാവാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായിരിക്കെ ഇന്ത്യൻ നേതാവ് എങ്ങനെയാണ് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനുമായും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും സഹകരിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അതുകൊണ്ട് ലളിതമായി പറയാം. എന്താണ് സംഭവിക്കുന്നതെന്ന് ഇന്ത്യൻ ജനത ദയവായി മനസ്സിലാക്കുക. ബ്രാഹ്‌മണർ ഇന്ത്യൻ ജനതയെ ചൂഷണം ചെയ്ത് ലാഭം കൊയ്യുന്നു. നമ്മൾ അത് നിർത്തേണ്ടതുണ്ട്.” ട്രേഡ് ആന്റ് മാനുഫാക്ചറിംഗ് സീനിയർ കൗൺസിലറായ നവാരോ ഫോക്‌സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വ്യാപാര, താരിഫ് വിഷയങ്ങളിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങളെച്ചൊല്ലി യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിൽ വലിയ വിള്ളൽ വീണതിനെത്തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നവാരോ ഇന്ത്യയെ തുടർച്ചയായി ലക്ഷ്യമിട്ട് വിവാദ പ്രസ്താവനകൾ നടത്തുന്നുണ്ട്.
”ഇപ്പോൾ ഇന്ത്യക്ക് മേൽ 50 ശതമാനം താരിഫുണ്ട്, എന്നാൽ ചൈനയ്ക്ക് മേൽ 50 ശതമാനത്തിൽ അല്പം കൂടുതലുണ്ട്. എന്താണ് സംഭവിച്ചത്? റഷ്യൻ റിഫൈനറികൾ ഇന്ത്യയിലെ വൻകിട എണ്ണക്കമ്പനികളുമായി കൈകോർത്തു. മോദിക്ക് ക്രൂഡ് ഓയിലിൽ പുതിൻ ഇളവ് നൽകുന്നു. അവർ അത് ശുദ്ധീകരിച്ച് യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും ഏഷ്യയിലേക്കും വലിയ പ്രീമിയത്തിന് കയറ്റി അയക്കുകയും ധാരാളം പണം സമ്പാദിക്കുകയും ചെയ്യുന്നു.” നവാരോ പറഞ്ഞു.
നേരത്തെ, യുക്രൈൻ സംഘർഷത്തെ ‘മോദിയുടെ യുദ്ധം’ എന്നും, ‘സമാധാനത്തിലേക്കുള്ള പാത ഇന്ത്യയിലൂടെയാണ് കടന്നുപോകുന്നതെന്നും’ തുടങ്ങിയ പരാമർശങ്ങൾ പീറ്റർ നവാരോ നടത്തിയത് വിവാദമായിരുന്നു.
White House trade adviser makes fresh criticism of India