തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹിക – രാഷ്ട്രീയ മുന്നേറ്റ ചരിത്രത്തിലെ ഒരു അദ്ധ്യായത്തിനാണ് വി എസിന്റെ മരണത്തോടെ തിരശ്ശീല വീണിരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ചരമോപചാര പ്രസംഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
വി എസ് ഉയർത്തിപ്പിടിച്ച പ്രത്യയശാസ്ത്രവും അതിന്റെ പൂർത്തീകരണത്തിനായി അദ്ദേഹം നടത്തിയ ഇടപെടലുകളും കാലാതിവർത്തിയായി നിലകൊള്ളും, തലമുറകൾക്കു പ്രചോദനവുമാകും.
ഒരു പൊതുപ്രവർത്തകൻ എന്നതിലുപരി കേരളചരിത്രത്തിലെ പല സുപ്രധാന ഏടുകളെയും വർത്തമാനകാലവുമായി ബന്ധിപ്പിക്കുന്ന ഒരു കണ്ണികൂടിയായിരുന്നു സഖാവ് വി എസ്. സാമ്രാജ്യത്വവിരുദ്ധ – ദേശീയപ്രസ്ഥാനത്തിന്റെ കാലഘട്ടത്തെ, നവോത്ഥാന മുന്നേറ്റങ്ങളുടെ കാലഘട്ടത്തെ, പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രാരംഭഘട്ടത്തെ, എല്ലാം വർത്തമാനകാലവുമായി ബന്ധിപ്പിച്ചിരുന്ന വി എസ് എന്ന കണ്ണി അറ്റു പോയിരിക്കുകയാണ്. അത് കേരളസമൂഹത്തിനാകെയും പുരോഗമന പ്രസ്ഥാനങ്ങൾക്ക് വിശേഷിച്ചും വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഒരു നൂറ്റാണ്ടോളം കാലം പൊതുപ്രവർത്തന രംഗത്ത് സജീവമായി നിൽക്കുക, ആ ഘട്ടത്തിലെല്ലാം ജനകീയ വിഷയങ്ങൾ ഏറ്റെടുക്കുക, അവപരിഹരിക്കുന്നതിനായി നിലകൊള്ളുക, ഇതെല്ലാം ചെയ്ത അപൂർവ്വം രാഷ്ട്രീയ പ്രവർത്തകരേ ലോകചരിത്രത്തിൽ തന്നെ ഉണ്ടാവുകയുള്ളൂ. ആ നിരയിലാണ് വി എസ്സിന്റെ സ്ഥാനം. നിയമസഭാ സാമാജികൻ, പ്രതിപക്ഷ നേതാവ്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവ് തുടങ്ങി പല നിലകളിൽ വ്യാപിച്ചു കിടക്കുന്നതാണ് അദ്ദേഹത്തിന്റെ ജീവിതം. പുന്നപ്ര – വയലാർ വിപ്ലവത്തോട് അഭേദ്യമായി ചേർന്നുകിടക്കുന്നതുമാണ് അതെന്നും കൂട്ടിച്ചേർത്തു.
With the passing of VS, a chapter in Kerala’s socio-political history has come to an end: Chief Minister