ലോകത്തിലെ ആദ്യ എഐ മന്ത്രി; അൽബേനിയയിൽ അധികാരമേറ്റ് ഡിയേല

ലോകത്തിലെ ആദ്യ എഐ മന്ത്രി; അൽബേനിയയിൽ അധികാരമേറ്റ് ഡിയേല

ലോകത്തിലെ ആദ്യ എഐ മന്ത്രിയെ നിയമിച്ച രാജ്യമെന്ന പ്രത്യേകതയാണ് ഇപ്പോൾ അൽബേനിയക്ക്. എന്നാൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയെ നിയന്ത്രിക്കാൻ ഒരു പുതിയ മനുഷ്യ മന്ത്രിയെ നിയമിച്ചതല്ല ഇത്. പൂർണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സൃഷ്ടിച്ച ഒരു വിർച്വൽ മന്ത്രിയെയാണ് അവർ അധികാരത്തിലേർത്തിരിക്കുന്നത്. ആ മന്ത്രിയുടെ പേര് ഡിയേല (Diella).

ഇത് വെറും പ്രദർശനത്തിനായുള്ള പരിപാടിയല്ല. രാജ്യത്തെ പൊതുഭരണവും ചെലവുകളും നിയന്ത്രിച്ച് അഴിമതി ഇല്ലാതാക്കുകയെന്നതാണ് അൽബേനിയൻ ഭരണകൂടത്തിന്റെ ലക്ഷ്യം. സെപ്റ്റംബർ 11-ന് തലസ്ഥാനമായ ടിറാനയിൽ നടന്ന സോഷ്യലിസ്റ്റ് പാർട്ടിയുടെ അസംബ്ലി യോഗത്തിലാണ് എഐ മന്ത്രിയെ ഔദ്യോഗികമായി അവതരിപ്പിച്ചത്.

ഒരു വർഷം മുൻപ് തന്നെ അൽബേനിയൻ പ്രധാനമന്ത്രി എഡി റാമ രാജ്യത്ത് ഒരു ഡിജിറ്റൽ മന്ത്രിയോ എഐ പ്രധാനമന്ത്രിയോ വരും എന്ന് സൂചന നൽകിയിരുന്നു. എന്നാൽ അത്ര പെട്ടെന്ന് അത് യാഥാർഥ്യമാകുമെന്ന് ആരും കരുതിയിരുന്നില്ല. ഇപ്പോൾ അൽബേനിയൻ മന്ത്രിസഭയിലെ മനുഷ്യനല്ലാത്ത ഏക അംഗമാണ് ഡിയേല.

ഡിയേല ഇന്ന് മാത്രമല്ല ജനങ്ങൾക്ക് പരിചിതയായിരിക്കുന്നത്. കഴിഞ്ഞ മാസങ്ങളായി സർക്കാരിന്റെ ഡിജിറ്റൽ പോർട്ടലുകൾ വഴി സേവനങ്ങൾ നൽകുന്നതിലും, വോയ്സ് കമാൻഡ് അടിസ്ഥാനത്തിൽ ജനങ്ങൾക്ക് സഹായം നൽകുന്നതിലും സജീവമായിരുന്നു അവൾ. അതിനാൽ പൊതുജനങ്ങൾക്ക് ഏറെ പരിചിതമായ മുഖമാണ് ഡിയേല.

മന്ത്രിയായതോടെ ഡിയേലയ്ക്ക് നിർണായക ചുമതലകൾ ലഭിച്ചു. ഇനി മുതൽ സർക്കാർ സ്വകാര്യ കമ്പനികൾക്ക് നൽകുന്ന എല്ലാ ടെൻഡറുകളും ചെലവുകളും അവൾ നിരീക്ഷിക്കും. ടെൻഡറിനായി ലോകമെമ്പാടുമുള്ള യോഗ്യരായ ആളുകളെ കണ്ടെത്താനും ഡിയേലയ്ക്ക് അധികാരമുണ്ട്. ഇതുവഴി മനുഷ്യരായ മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും മുൻവിധികളും താൽപര്യങ്ങളും ഒഴിവാക്കാൻ കഴിയും.

കൂടാതെ, ഡിയേലയുടെ മറ്റൊരു പ്രത്യേകത കൂടി ഉണ്ട് — അവൾക്ക് ശമ്പളം വേണ്ട. സുരക്ഷയ്ക്കായി പോലീസോ പട്ടാളവുമില്ല. കൈക്കൂലി വാങ്ങുമെന്ന ആശങ്ക പോലും ഇല്ല. ഏൽപിച്ച ജോലി മാത്രം കൃത്യമായി നിറവേറ്റും.

World’s First AI Minister; Diella Takes Charge in Albania

Share Email
Top