സംസ്ഥാനത്ത് പോലീസ് തലപ്പത്ത് അഴിച്ചുപണി; യോഗേഷ് ഗുപ്തയെ ഫയർഫോഴ്സിൽനിന്ന് മാറ്റി

സംസ്ഥാനത്ത് പോലീസ് തലപ്പത്ത് അഴിച്ചുപണി; യോഗേഷ് ഗുപ്തയെ ഫയർഫോഴ്സിൽനിന്ന് മാറ്റി

അഗ്നിരക്ഷാ സേനാ മേധാവി യോഗേഷ് ഗുപ്തയെ റോഡ് സുരക്ഷാ കമ്മിഷണറായി നിയമിച്ചു, ഒപ്പം റോഡ് സുരക്ഷാ കമ്മിഷണറായിരുന്ന നിധിൻ അഗർവാളിനെ പുതിയ അഗ്നിരക്ഷാ സേനാ മേധാവിയായും നിയമിച്ചു. വിവിധ പരാതികൾ ഉയർന്ന എഐജി വി.ജി. വിനോദ് കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്ന് ഐടി വിഭാഗത്തിലേക്ക് മാറ്റി. എസ്പി സുജിത് ദാസിനെ ഐടി വിഭാഗത്തിൽനിന്ന് എഐജി (പ്രൊക്യുർമെന്റ്) ആയും, അഡി. എക്സൈസ് കമ്മിഷണർ കെ.എസ്. ഗോപകുമാറിനെ ക്രമസമാധാന ചുമതലയുള്ള എഐജിയായും, കെ.എൽ. ജോൺകുട്ടിയെ ക്രൈംബ്രാഞ്ച് എസ്പിയായും നിയമിച്ചു. തിരുവനന്തപുരം സിറ്റി ഡിസിപി നകുൽ രാജേന്ദ്ര ദേശ്മുഖിനെ തൃശൂർ സിറ്റി പൊലീസ് കമ്മിഷണറായും നിയമിച്ചു.

യോഗേഷ് ഗുപ്തയ്ക്ക് കേന്ദ്രത്തിൽ നിയമനം ലഭിക്കുന്നതിന് ആവശ്യമായ വിജിലൻസ് ക്ലിയറൻസ് റിപ്പോർട്ട് സർക്കാർ പിടിച്ചുവച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് യോഗേഷ് നൽകിയ വിവരാവകാശ അപേക്ഷ സർക്കാർ ‘രഹസ്യമായതിനാൽ നൽകാനാകില്ല’ എന്ന നിലപാട് സ്വീകരിച്ച് തള്ളി. കേന്ദ്രം ആവശ്യപ്പെട്ട പ്രകാരം വിജിലൻസ് വകുപ്പ് യോഗേഷുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയാറാക്കി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിരുന്നു. എന്നാൽ, പൊലീസ് മേധാവി ഇത് ചീഫ് സെക്രട്ടറിക്ക് നൽകിയെങ്കിലും, സംസ്ഥാന സർക്കാർ അത് കേന്ദ്രത്തിന് കൈമാറാതെ മറച്ചുവച്ചു.

മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ യോഗേഷ് ഗുപ്ത, താൻ ഭാഗമായ പൊലീസ് വകുപ്പിൽ തന്റെ പേര് സംബന്ധിച്ച റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ, സർക്കാർ രഹസ്യാത്മകത എന്ന കാരണം പറഞ്ഞ് നിരസിച്ചു. ജൂൺ 19-ന് പൊലീസ് ആസ്ഥാനത്തെ വിവരാവകാശ ഉദ്യോഗസ്ഥന് യോഗേഷ് അപേക്ഷ നൽകിയിരുന്നെങ്കിലും, അത് തള്ളുകയായിരുന്നു. ഈ നടപടികൾ സർക്കാർ യോഗേഷ് ഗുപ്തയ്ക്കെതിരെ സ്വീകരിക്കുന്ന പ്രതികാര നടപടികളുടെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.

Share Email
Top