നാവികസേന ഉദ്യോഗസ്ഥനെന്ന വ്യാജേന യുവാവ് റൈഫിളുമായി കടന്നുകളഞ്ഞു

നാവികസേന ഉദ്യോഗസ്ഥനെന്ന വ്യാജേന യുവാവ് റൈഫിളുമായി കടന്നുകളഞ്ഞു

മുംബൈയിൽ സുരക്ഷാ ഏജൻസികളെ ആശങ്കയിൽ ആക്കി നാവികസേന ഉദ്യോഗസ്ഥനെന്ന വ്യാജേന ഒരു യുവാവ് അഗ്നിവീറിന്റെ റൈഫിളും 40 വെടിയുണ്ടകളും മോഷ്ടിച്ച് കടന്നുകളഞ്ഞു. സെപ്റ്റംബർ 6-ന് വൈകുന്നേരമാണ് സംഭവം നടന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഫെ-പരേഡിലെ ന്യൂ നേവി നഗറിലെ എ.പി ടവറിൽ റഡാർ പ്രൊട്ടക്ടർ ഗാർഡായി ജോലി ചെയ്തിരുന്ന ജൂനിയർ നാവികസേന ഉദ്യോഗസ്ഥനെ വഞ്ചിച്ചാണ് സംഭവം നടന്നത്. നാവികസേനയുടെ വേഷത്തിൽ എത്തിയ ഇയാൾ പകരക്കാരനാണെന്ന് അവകാശപ്പെടുകയും, ഉദ്യോഗസ്ഥനോട് ഹോസ്റ്റലിലേക്ക് മടങ്ങാൻ നിർദേശിക്കുകയും ചെയ്തു. ഇതോടൊപ്പം, കൈവശമുണ്ടായിരുന്ന ഇൻസാസ് റൈഫിളും മൂന്ന് മാഗസിനുകളും കൈമാറാൻ ആവശ്യപ്പെട്ടു. രണ്ട് മാഗസിനുകളിലായി 20 വെടിയുണ്ടകൾ വീതമുണ്ടായിരുന്നു.

എന്നാൽ കുറച്ച് സമയത്തിന് ശേഷം തന്റെ വാച്ച് മറന്നുവെന്ന് തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥൻ തിരികെ എത്തിയപ്പോൾ, ആയുധങ്ങളുമായി യുവാവ് അപ്രത്യക്ഷമായെന്ന് മനസിലാക്കി. ഉടൻ തന്നെ വിവരം അധികൃതരെ അറിയിച്ചു. സംഭവം അറിഞ്ഞ മുംബൈ പൊലീസ്, നാവികസേന, എ.ടി.എസ്, ക്രൈംബ്രാഞ്ച് തുടങ്ങിയ ഏജൻസികൾ സംയുക്തമായ തിരച്ചിൽ ആരംഭിച്ചു.

സംഭവം സുരക്ഷാ സംവിധാനത്തിലെ ഗുരുതരമായ വീഴ്ചയായി അധികൃതർ സമ്മതിച്ചിട്ടുണ്ട്. ആയുധം കൈമാറിയ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്ത് വരികയാണ്. സുരക്ഷാ വീഴ്ച നടന്ന റസിഡൻഷ്യൽ കോംപ്ലക്സിൽ എത്തിയ എല്ലാവരെയും വിശദമായി പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.

Youth impersonates naval officer and escapes with rifle

Share Email
Top