പട്ന: ഒരു ജിബി ഡാറ്റ ഒരു കപ്പ് ചായയേക്കാൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കിയെന്ന് ‘ചായക്കാരൻ’ ഉറപ്പാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. താൻ പണ്ട് ചായ വിറ്റ് നടന്ന സാധാരണക്കാരൻ ആണെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് മോദി നടത്തിയത്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സമസ്തിപൂരിൽ നടന്ന റാലിയിൽ സംസാരിക്കവേ, ഈ നേട്ടം ബിഹാറിലെ യുവാക്കൾക്ക് വലിയ അവസരങ്ങൾ സൃഷ്ടിച്ചതായും, ഇൻസ്റ്റഗ്രാമിൽ റീലുകൾ നിർമിച്ച് പലരും വരുമാനം നേടുന്നതായും മോദി പറഞ്ഞു. ബിജെപി-എൻഡിഎ സർക്കാരിന്റെ ശ്രമങ്ങളാണ് ഈ മാറ്റങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം അവകാശപ്പെട്ടു.
റാലിയിൽ, വോട്ടർമാരോട് സ്മാർട്ട്ഫോണുകളുടെ ഫ്ലാഷ്‌ലൈറ്റുകൾ ഓൺ ചെയ്യാൻ ആവശ്യപ്പെട്ട മോദി, “എല്ലാവരുടെയും കൈയിൽ വെളിച്ചമുണ്ട്, ഇനി ആർക്കാണ് റാന്തൽ വേണ്ടത്?” എന്ന് ചോദിച്ച് ആർജെഡിയെ പരിഹസിച്ചു. “ബിഹാറിന് റാന്തലും അതിന്റെ പങ്കാളികളും ആവശ്യമില്ല, രാജ്യം ഇത് കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്,” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബിഹാറിന്റെ വികസനത്തിന് ബിജെപി-എൻഡിഎ സഖ്യത്തിന്റെ ഭരണം അനിവാര്യമാണെന്നും മോദി ഊന്നിപ്പറഞ്ഞു.
സമസ്തിപൂര്‍, ബെഗുസരായ് എന്നിവിടങ്ങളിൽ നടന്ന റാലികളിൽ ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിന് വോട്ട് ചെയ്ത് റെക്കോർഡ് വിജയം ഉറപ്പാക്കണമെന്ന് മോദി വോട്ടർമാരോട് അഭ്യർത്ഥിച്ചു. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പ്രയോജനം യുവാക്കൾക്ക് ലഭ്യമാക്കിയതിന്റെ ക്രെഡിറ്റ് എൻഡിഎ സർക്കാരിന് നൽകി, തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വികസനവും യുവശാക്തീകരണവും മുഖ്യ പ്രമേയമാക്കി മോദി മുന്നോട്ടുപോകുന്നു.













