അരിസോണ: മദ്യലഹരിയിൽ മോഷ്ടിച്ച കാറോടിച്ച് 13 വയസ്സുള്ള പെൺകുട്ടി അപകടമുണ്ടാക്കിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 11 വയസ്സുള്ള ഒരു കുട്ടിയെയും കൂട്ടി യാത്ര ചെയ്യവേ ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് വാഹനം അപകടത്തിൽപ്പെട്ടത്.
ഫ്ലാഗ്സ്റ്റാഫ് പോലീസ് ഡിപ്പാർട്ട്‌മെന്റിൽനിന്ന് മോഷ്ടിച്ച കാറാണ് ഇവർ ഉപയോഗിച്ചതെന്ന് അരിസോണ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി (ഡിപിഎസ്) വ്യക്തമാക്കി. ഇന്റർസ്റ്റേറ്റ് 40-ൽ ഫ്ലാഗ്സ്റ്റാഫിന് സമീപം തെറ്റായ ദിശയിൽ മീഡിയൻ കടന്നുപോയ പെൺകുട്ടി, പിന്നീട് വാഹനം നേരെയാക്കി 100 മൈൽ വേഗതയിൽ ഓടിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
വാഹനം ഗാർഡ്‌റെയിലിൽ ഇടിച്ചതിനെ തുടർന്ന് കാർ നിരവധി തവണ മറിഞ്ഞ് ഒരു മരത്തിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. ‘അപകടത്തിന്റെ ആഘാതം അത്ര ശക്തമായിരുന്നു; വാഹനം മറിയുന്നതിനിടെ ഒടിഞ്ഞുപോയ സ്റ്റിയറിംഗ് വീൽ കാർ നിന്ന സ്ഥലത്തുനിന്ന് ഏകദേശം 50 അടി ദൂരത്തേക്ക് തെറിച്ചുപോയി,’ – ഡിപിഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
13 വയസ്സുകാരിയുടെ രക്തത്തിലെ മദ്യത്തിന്റെ അളവ് 0.183% ആയിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. അരിസോണയിൽ 21 വയസ്സിന് മുകളിലുള്ള ഡ്രൈവർമാർക്ക് 0.08 ശതമാനത്തിന് മുകളിലുള്ള മദ്യത്തിന്റെ അളവ് ഡി.യു.ഐ (ഡ്രൈവിംഗ് അണ്ടർ ഇൻഫ്ലുവൻസ്) കുറ്റത്തിന് കാരണമാകും, എന്നാൽ 21 വയസ്സിന് താഴെയുള്ളവർക്ക് മദ്യത്തിന്റെ അളവ് 0.00% ആയിരിക്കണം.
അപകടത്തിൽപ്പെട്ട ഇരു കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവന് ഭീഷണിയല്ലാത്ത പരിക്കുകൾ മാത്രമാണ് ഇരുവർക്കുമുള്ളതെന്ന് ഡിപിഎസ് അറിയിച്ചു. 13 വയസ്സുകാരി ഡി.യു.ഐ. കുറ്റങ്ങൾ ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടുമെന്ന് ഡിപിഎസ് വക്താവ് വ്യക്തമാക്കി.
‘കുട്ടികൾ സുരക്ഷിതരായതിൽ ആശ്വാസമുണ്ട്. കൗമാരക്കാരുടെ സാഹസിക ഡ്രൈവിംഗും കുട്ടികളുടെ മദ്യപാനവും അതീവ അപകടകരമാണ്. മദ്യപാനത്തിന്റെയും ലൈസൻസില്ലാതെ വാഹനമോടിക്കുന്നതിന്റെയും അപകടങ്ങളെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കണം,’ – ഡിപിഎസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
13-year-old girl and 11-year-old boy involved in drunk driving accident in Arizona