ജയ്പുർ: രാജസ്ഥാനിലെ ജയ്‌സാൽമീറിൽനിന്ന് ജോധ്പുരിലേക്ക് പോവുകയായിരുന്ന ബസിന് തീപിടിച്ച് 19 പേർ മരിച്ചതായി സ്ഥിരീകരണം. കുട്ടികളും സ്ത്രീകളുമടക്കം 15 പേർക്ക് സാരമായി പൊള്ളലേറ്റു. ജയ്‌സാൽമീറിൽനിന്ന് 20 കിലോമീറ്റർ അകലെ തായേട്ട് ഗ്രാമത്തിൽ ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്.
സംഭവമറിഞ്ഞ് അഗ്‌നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമായി. സമീപത്തുള്ള സൈനികത്താവളത്തിലെ സൈനികരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തു. പരിക്കേറ്റവരെ മൂന്ന് ആംബുലൻസുകളിലായി ജയ്‌സാൽമീറിലുള്ള ജവഹർ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ഡോക്ടർമാർ ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി ജോധ്പുരിലേക്ക് മാറ്റി.
ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം സംഭവിച്ചതിന് അഞ്ചുദിവസം മുൻപ് മാത്രമാണ് ബസ് വാങ്ങിയതെന്ന വിവരവും പുറത്തുവരുന്നുണ്ട്. മരിച്ചവരിൽ പലർക്കും തിരിച്ചറിയാൻ പറ്റാത്തവിധം പൊള്ളലേറ്റിട്ടുണ്ടെന്നും ഡിഎൻഎ ടെസ്റ്റ് നടത്തി തിരിച്ചറിയൽ നടത്തുമെന്നും ജില്ലാ കളക്ടർ പ്രതാപ് സിങ് വ്യക്തമാക്കി.
ജയ്‌സാൽമീറിൽനിന്ന് വൈകീട്ട് മൂന്നുമണിയോടെയാണ് 57 യാത്രക്കാരുമായി ബസ് പുറപ്പെട്ടത്. തായേട്ട് ഗ്രാമം പിന്നിടുന്നതിനിടെയാണ് ബസിന്റെ പിൻഭാഗത്തുനിന്ന് പുക ഉയരുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ബസ്സിനുള്ളിലേക്ക് തീ പടർന്നു. ഇതോടെ രക്ഷപ്പെടാനായി യാത്രക്കാരിൽ പലരും ജനലും വാതിലുമുള്ള വശങ്ങളിലേക്ക് പാഞ്ഞു. തീ ഉയരുന്നത് കണ്ട് പ്രദേശവാസികളും ഗ്രാമവാസികളും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. വെള്ളവും മണ്ണും കൊണ്ട് തീയണയ്ക്കാൻ ശ്രമിച്ച അവർ ബസിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെത്തിക്കാനുള്ള ശ്രമവും തുടങ്ങി.
രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതവും പൊള്ളലേറ്റവർക്ക് അമ്പതിനായിരം രൂപ വീതവും നൽകുമെന്നും പ്രധാനമന്ത്രി ‘എക്‌സി’ലൂടെ അറിയിച്ചു.
19 people killed, 15 seriously injured in bus fire in Rajasthan













