ഡൽഹി : എല്ലാവരെയും ഉൾക്കൊള്ളുന്ന നയമാണ് ഇന്ത്യയും ആസിയാനും പിന്തുടരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലേഷ്യയിൽ നടന്ന ഇന്ത്യ ആസിയാൻ ഉച്ചകോടിയിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു മോദി.
2026 പ്രധാനമന്ത്രി നരേന്ദ്ര മോദി ആസിയാൻ-ഇന്ത്യൻ സമുദ്ര സഹകരണ വർഷമായി പ്രഖ്യാപിച്ചു. ആസിയാൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സമഗ്ര തന്ത്രപരമായ പങ്കാളിത്തം ആഗോള സ്ഥിരതയ്ക്കും വളർച്ചയ്ക്കും ശക്തമായ അടിത്തറയായി ഉയർന്നുവരുന്നുണ്ടെന്ന് ആസിയാൻ വാർഷിക ഉച്ചകോടിയിൽ ഓൺലൈനായി സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. ന്യൂഡൽഹിയുടെ ആക്ട് ഈസ്റ്റ് പോളിസിയുടെ പ്രധാന തൂണാണ് ആസിയാൻ കൂട്ടായ്മ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും ഇന്ത്യ ആസിയാൻ സുഹൃത്തുക്കൾക്കൊപ്പം ഉറച്ചു നിന്നിട്ടുണ്ട്. സമുദ്ര സുരക്ഷ, ബ്ലൂ ഇക്കണോമി എന്നീ മേഖലകളിലെ ഉഭയകക്ഷി സഹകരണം അതിവേഗം വളരുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇതിന്റെ വെളിച്ചത്തിലാണ് 2026-നെ ആസിയാൻ-ഇന്ത്യൻ സമുദ്ര സഹകരണ വർഷമായി പ്രഖ്യാപിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
വിദ്യാഭ്യാസം, ടൂറിസം, ശാസ്ത്ര സാങ്കേതിക വിദ്യ, ആരോഗ്യം, ഹരിത ഊർജ്ജം, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിലെ സഹകരണം ഊർജ്ജസ്വലമായി മുന്നോട്ട് കൊണ്ടുപോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പങ്കിട്ട സാംസ്കാരിക പൈതൃകം സംരക്ഷിക്കാനും ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.













