കട്ടക്ക് സംഘർഷം: 36 മണിക്കൂർ കർഫ്യൂവും ഇൻ്റർനെറ്റ് വിലക്കും ഏർപ്പെടുത്തി; സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി

കട്ടക്ക് സംഘർഷം: 36 മണിക്കൂർ കർഫ്യൂവും ഇൻ്റർനെറ്റ് വിലക്കും ഏർപ്പെടുത്തി; സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി


ഭുവനേശ്വർ: ഒഡീഷയിലെ കട്ടക്ക് നഗരത്തിൽ വീണ്ടും സംഘർഷമുണ്ടായതിനെ തുടർന്ന് കർഫ്യൂ ഏർപ്പെടുത്തുകയും ഇൻ്റർനെറ്റ് സേവനങ്ങൾ നിർത്തിവയ്ക്കുകയും ചെയ്തു. സമാധാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മോഹൻ ചരൺ മാജി രംഗത്തെത്തി.

കട്ടക്കിൽ 13 പോലീസ് സ്റ്റേഷൻ പരിധികളിൽ ഞായറാഴ്ച രാത്രി മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ 36 മണിക്കൂർ നേരത്തേക്ക് കർഫ്യൂ പ്രഖ്യാപിച്ചു.ദുർഗാവിഗ്രഹ നിമജ്ജനവുമായി ബന്ധപ്പെട്ട് ദർഘാ ബസാറിൽ ശനിയാഴ്ച നടന്ന സംഘർഷത്തിന് പിന്നാലെ ഞായറാഴ്ച വൈകുന്നേരം നടന്ന ബൈക്ക് റാലിക്കിടെയുണ്ടായ കല്ലേറാണ് സ്ഥിതി വീണ്ടും വഷളാക്കിയത്.

ഇൻ്റർനെറ്റ് വിലക്ക്: ഞായറാഴ്ച രാത്രി 7 മണി മുതൽ ആരംഭിക്കുന്ന 36 മണിക്കൂർ നേരത്തേക്ക് ഇൻ്റർനെറ്റ്, സോഷ്യൽ മീഡിയ സേവനങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഞായറാഴ്ചത്തെ കല്ലേറിൽ 8 പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 25 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി ഉറപ്പ് നൽകി. സമാധാനവും സൗഹൃദവും നിലനിർത്താൻ ജനങ്ങൾ ഒന്നിച്ചുനിൽക്കണമെന്ന് അദ്ദേഹം അഭ്യർഥിചു. കട്ടക്കിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്യാൻ പോലീസ് ഡയറക്ടർ ജനറലിനോട് (ഡി.ജി.പി.) നഗരത്തിൽ ക്യാമ്പ് ചെയ്യാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. സോഷ്യൽ മീഡിയയിൽ വിദ്വേഷവും വ്യാജ ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും പോലീസ് കമ്മീഷണർ മുന്നറിയിപ്പ് നൽകി.

ശനിയാഴ്ചത്തെ സംഘർഷവുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിഎച്ച്പി കട്ടക്കിൽ തിങ്കളാഴ്ച 12 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Share Email
LATEST
More Articles
Top