ന്യൂഡൽഹി: അമേരിക്കയിലേക്ക് പഠനത്തിനായി എത്തുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇന്ത്യൻ വിദ്യാർഥികളുടെ വരവിൽ 44 ശതമാനത്തിലധികം ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇന്റർനാഷണൽ ട്രേഡ് അഡ്മിനിസ്‌ട്രേഷൻ്റെ കണക്കനുസരിച്ച്, 2024 ഓഗസ്റ്റ് മാസത്തിൽ 41,540 ഇന്ത്യൻ വിദ്യാർഥികൾ മാത്രമാണ് (F, M വിഭാഗം വിസകളിൽ) യു.എസിൽ എത്തിയത്.
സാധാരണയായി, ഓഗസ്റ്റ്/സെപ്തംബർ മാസങ്ങളിൽ ഫാൾ സെമസ്റ്റർ ആരംഭിക്കുമ്പോൾ വിദ്യാർഥികളുടെ വരവ് വർദ്ധിക്കാറുണ്ട്. എന്നാൽ 2020-ൽ യാത്രാ നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ കണക്കാണിത്. 2023 ഓഗസ്റ്റിൽ 93,833 ഇന്ത്യൻ വിദ്യാർഥികൾ യു.എസിൽ എത്തിയിരുന്നിടത്താണ് ഈ കുത്തനെയുള്ള ഇടിവ്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജൂൺ, ജൂലൈ മാസങ്ങളിലും 40 ശതമാനത്തിലധികം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. യു.എസ്. ഭരണകൂടം വിദേശ വിദ്യാർഥികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഈ കുറവ് എന്നതും ശ്രദ്ധേയമാണ്. പല വിദ്യാർഥികളുടെയും വിസകൾ റദ്ദാക്കുകയും, വിസ അപേക്ഷകൾ തീവ്രമായ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. അതേസമയം, ഓഗസ്റ്റിൽ 86,647 ചൈനീസ് വിദ്യാർഥികളാണ് യു.എസിൽ എത്തിയത്, ഇത് ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികളുടെ എണ്ണത്തിൻ്റെ ഇരട്ടിയിലധികമാണ്.
ചൈനീസ് വിദ്യാർഥികളുടെ വരവിലും കുറവുണ്ടായെങ്കിലും (98,867-ൽ നിന്ന് 86,647 ആയി) ഇന്ത്യൻ വിദ്യാർഥികൾക്ക് നേരിട്ടത്ര വലിയ ഇടിവ് അവർക്ക് ഉണ്ടായില്ല.













