ജയ്‌പൂർ: രാജസ്ഥാനിലെ ജയ്‌പൂരിൽ ഒരു ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ആറ് രോഗികൾ വെന്തുമരിച്ചു. ജയ്‌പൂരിലെ സർക്കാർ ഉടമസ്ഥതയിലുള്ള സവായ് മാൻ സിംഗ് (SMS) ആശുപത്രിയിലെ ട്രോമ സെന്ററിലെ ഐ.സി.യു. വാർഡിലാണ് അതിദാരുണമായ സംഭവം.
ഞായറാഴ്ച രാത്രി വൈകിയാണ് ട്രോമ സെന്ററിൻ്റെ രണ്ടാം നിലയിലെ ഐ.സി.യുവിൽ തീപിടിത്തമുണ്ടായത്.
തീപിടിത്തത്തിൽ ആറ് രോഗികൾ മരിച്ചതായി എസ്.എം.എസ് ആശുപത്രി ട്രോമ സെന്റർ ഇൻചാർജ് ഡോ. അനുരാഗ് ധാക്കഡ് സ്ഥിരീകരിച്ചു. മരിച്ചവരിൽ നാല് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. പ്രാഥമിക നിഗമനത്തിൽ ഷോർട്ട് സർക്യൂട്ട് ആണ് അപകടത്തിന് കാരണം.
ഐ.സി.യുവിൽ ചികിത്സയിലുണ്ടായിരുന്ന മറ്റ് രോഗികളെയും താഴത്തെ നിലയിലുള്ള ഐ.സി.യുവിലേക്ക് മാറ്റിയെങ്കിലും, ഗുരുതരാവസ്ഥയിലായിരുന്ന ആറ് പേരെ രക്ഷിക്കാനായില്ല. തീപിടിത്തത്തെ തുടർന്നുണ്ടായ വിഷപ്പുകയും വൈദ്യുത ഉപകരണങ്ങൾ കത്തി പുറത്തുവന്ന വിഷവാതകങ്ങളുമാണ് മരണകാരണമായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവം നടന്നയുടനെ മുഖ്യമന്ത്രി ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ആശുപത്രിയിലെ സുരക്ഷാ സംവിധാനങ്ങളിലുണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.













