ഒൻപത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർക്ക് ‘ക്ലീൻ ചിറ്റ്’; പിഴവില്ലെന്ന് അന്വേഷണ റിപ്പോർട്ട്

ഒൻപത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർക്ക് ‘ക്ലീൻ ചിറ്റ്’; പിഴവില്ലെന്ന് അന്വേഷണ റിപ്പോർട്ട്

പാലക്കാട്: വീഴ്ചയിൽ പരിക്കേറ്റ ഒൻപത് വയസുകാരിയുടെ വലത് കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ, പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർക്ക് പിഴവൊന്നും സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. കുട്ടിക്ക് കൃത്യമായ ചികിത്സ നൽകിയിരുന്നുവെന്നും, ചികിത്സാ പിഴവല്ല കൈ മുറിച്ചുമാറ്റേണ്ട സാഹചര്യത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

കുട്ടിയെ സെപ്റ്റംബർ 30-ന് ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ കൈയിലെ രക്തയോട്ടം നിലച്ച അവസ്ഥയിലായിരുന്നു.

ജില്ലാ ആശുപത്രിയിൽ ഉടൻതന്നെ പ്രാഥമിക ചികിത്സ നൽകുകയും തുടർ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെയും വകുപ്പ് മേധാവിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പാലക്കാട് ഡിഎംഒ നിയോഗിച്ച രണ്ട് ഡോക്ടർമാർ റിപ്പോർട്ട് തയ്യാറാക്കിയത്. ഈ റിപ്പോർട്ട് ഡിഎംഒക്ക് കൈമാറി.

പാലക്കാട് പല്ലശ്ശന സ്വദേശിനിയായ വിനോദിനി എന്ന ഒൻപത് വയസുകാരിയുടെ വലത് കൈയാണ് മുറിച്ചുമാറ്റേണ്ടി വന്നത്.സെപ്റ്റംബർ 24-ന് വീടിന് സമീപം കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പരിക്കേറ്റത്. ഇതേ ദിവസം തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് കൈക്ക് പ്ലാസ്റ്റർ ഇട്ടു.

അമ്മയുടെ ആരോപണം:

പ്ലാസ്റ്റർ ഇട്ട ശേഷവും കുട്ടിക്ക് കഠിനമായ വേദനയുണ്ടെന്ന് അറിയിച്ചപ്പോൾ, അഞ്ച് ദിവസം കഴിഞ്ഞ് വന്നാൽ മതിയെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചതെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു.

അഞ്ച് ദിവസത്തിന് ശേഷം പ്ലാസ്റ്റർ മാറ്റിയപ്പോഴാണ് കൈയിലെ രക്തയോട്ടം നിലച്ച് കൈ അഴുകിയ നിലയിലായത്. ഇതേത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും അവിടെ വെച്ച് കൈ മുറിച്ചുമാറ്റുകയും ചെയ്യുകയായിരുന്നു.

അതേസമയം, കുറ്റാരോപിതരായ ഡോക്ടർമാർക്ക് പിന്തുണയുമായി സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ രംഗത്തെത്തിയിരുന്നു. കൈ മുറിച്ചുമാറ്റേണ്ടി വന്നത് അപൂർവമായി സംഭവിക്കുന്ന ചികിത്സാ സങ്കീർണ്ണത ആണെന്നും ഡോക്ടർമാർ പരമാവധി ചികിത്സ നൽകിയിരുന്നുവെന്നും സംഘടന വാദിക്കുന്നു.

Share Email
Top