പാരിസ്: ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യം കണ്ടെത്താനുള്ള ഗവേഷണങ്ങൾക്ക് കരുത്ത് പകർന്ന് ശനിയുടെ ഉപഗ്രഹമായ എൻസെലാഡസിൽ (Enceladus) നിർണായക കണ്ടെത്തലുകൾ. എൻസെലാഡസിന്റെ പുറംതോടിനടിയിൽ കിലോമീറ്ററുകൾ കനമുള്ള മഞ്ഞുപാറകൾക്ക് താഴെയുള്ള തണുത്തുറഞ്ഞ വലിയ സമുദ്രത്തിൽ സങ്കീർണ്ണമായ ജൈവ തന്മാത്രകൾ ഉണ്ടായിരിക്കാമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഭൂമിക്ക് പുറത്ത് ജീവനെ ഉൾക്കൊള്ളാൻ ആവശ്യമായ എല്ലാ ചേരുവകളും എൻസെലാഡസിൽ ഉണ്ടായിരിക്കാമെന്നതിന് കൂടുതൽ തെളിവുകളാണ് ഇതെന്ന് ഗവേഷകർ പറയുന്നു.
ബെർലിനിലെ സ്റ്റട്ട്ഗാർട്ട് സർവകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് ഈ പഠനത്തിന് പിന്നിൽ. എൻസെലാഡസിന്റെ ഈ മേഖലയിൽ ജൈവവസ്തുക്കൾ കണ്ടെത്തിയെന്നും, ഇത്തരം തന്മാത്രകൾ ആദ്യമായാണ് അവിടെ കണ്ടെത്തുന്നതെന്നും ഗവേഷകർ പറയുന്നു. “എൻസെലാഡസിന്റെ ഉപരിതലത്തിനടിയിൽ സംഭവിക്കുന്ന രാസപ്രവർത്തനങ്ങളുടെ സങ്കീർണ്ണത ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ ബലപ്പെടുത്തുന്നു. സങ്കീർണ്ണത തെളിയുമ്പോൾ അതിനർത്ഥം എൻസെലാഡസിൽ ജീവന്റെ സാധ്യത വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്,” പഠനത്തിന്റെ മുഖ്യ രചയിതാവായ ഡോ. നൊസൈർ ഖവാജ പറഞ്ഞു.
ശനിയുടെ 83 ഉപഗ്രഹങ്ങളിൽ ആറാമത്തെ വലിയ ഉപഗ്രഹമാണ് എൻസെലാഡസ്. ഈ തണുത്തുറഞ്ഞ ഉപഗ്രഹത്തിൽനിന്ന് ഇടവേളകളിൽ മഞ്ഞും സിലിക്കകളും ഒരു ഫൗണ്ടൻപോലെ പുറത്തേക്ക് തെറിക്കാറുണ്ട്. ഈ പ്രതിഭാസം കാർബൺ അധിഷ്ഠിത പദാർത്ഥങ്ങളുടെ ബഹിർഗമനത്തിന് കാരണമാകുന്നുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.
നാസ, യൂറോപ്യൻ ബഹിരാകാശ ഏജൻസി, ഇറ്റാലിയൻ ബഹിരാകാശ ഏജൻസി എന്നിവയുടെ സംയുക്ത ദൗത്യമായ കാസിനി-ഹ്യൂജൻസിൽനിന്ന് 2004 മുതൽ 2017 വരെ ശേഖരിച്ച വിവരങ്ങൾ വിശകലനം ചെയ്ത പഠനത്തിലാണ് ഈ നിർണായക വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
A new study based on Cassini mission data suggests that Enceladus, one of Saturn’s moons, may contain complex organic molecules in its subsurface ocean, indicating that it possesses all the necessary ingredients for extraterrestrial life.