തിരുവനന്തപുരം : സംസ്ഥാന എക്സൈസ് കമ്മീഷണറായ എം.ആർ. അജിത് കുമാറിന് കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ്റെ (ബെവ്‌കോ) ചെയർമാൻ പദവിയുടെ അധിക ചുമതല കൂടി നൽകി. ഐ.പി.എസ്. ഉദ്യോഗസ്ഥനായ അജിത് കുമാർ നിലവിൽ എക്സൈസ് കമ്മീഷണർ എന്ന തസ്തികയിൽ തുടരുന്നതിനൊപ്പം തന്നെയാണ് ബെവ്‌കോ ചെയർമാനായും ചുമതലയേൽക്കുന്നത്. കോർപ്പറേഷൻ്റെ ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ ആർട്ടിക്കിൾ 20 പ്രകാരമാണ് നിയമനം.
ബെവ്‌കോ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിൽ അംഗമായ അജിത് കുമാർ, ചെയർമാൻ എന്ന അധിക ചുമതല കൂടി ഏറ്റെടുക്കുന്നതോടെ കോർപ്പറേഷൻ്റെ ഭരണപരമായ നേതൃത്വം കൂടുതൽ ശക്തമാകും. നിലവിൽ ചെയർപേഴ്സൺ കം മാനേജിങ് ഡയറക്‌ടർ (എം.ഡി.) ആയി പ്രവർത്തിച്ചിരുന്ന ഹർഷിത അട്ടല്ലൂരി ഐ.പി.എസ്. മാനേജിങ് ഡയറക്‌ടർ പദവിയിൽ തുടരും. പുതിയ ഉത്തരവ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഗവർണർക്ക് വേണ്ടി പുറത്തിറക്കി.