അടിമാലി മണ്ണിടിച്ചിൽ ദുരന്തം: തീരാനോവായി ബിജുവിൻ്റെ മരണം, ദുരന്തം സംഭവിച്ചത് സർട്ടിഫിക്കറ്റുകൾ എടുക്കാനായി വീട്ടിൽ എത്തിയപ്പോൾ

അടിമാലി മണ്ണിടിച്ചിൽ ദുരന്തം: തീരാനോവായി ബിജുവിൻ്റെ മരണം, ദുരന്തം സംഭവിച്ചത് സർട്ടിഫിക്കറ്റുകൾ എടുക്കാനായി വീട്ടിൽ എത്തിയപ്പോൾ

ഇടുക്കി അടിമാലിക്കടുത്ത് കൂമന്‍ പാറയില്‍ ലക്ഷംവീട് ഉന്നതിയിലുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ദമ്പതികളില്‍ ഭര്‍ത്താവായ ബിജുവിൻ്റെ മരണം ഏവർക്കും തീരാനോവായി. ആറര മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ 4.50 ഓടെയാണ് ബിജുവിനെ പുറത്തെത്തിച്ചത്. ബിജുവിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

അതേസമയം, ബിജുവിൻ്റെ ഭാര്യ സന്ധ്യയെ അഞ്ച് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിൽ പുലർച്ചെ 3.10 ഓടെ രക്ഷപ്പെടുത്തിയിരുന്നു. സന്ധ്യയുടെ കാലിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. സന്ധ്യയെ പുറത്തെത്തിച്ചത്. ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി സന്ധ്യയെ ആലുവ രാജഗിരി ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റുകയായിരുന്നു.

പ്രദേശത്ത് രാത്രി 10.20ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്. സ്ഥലത്ത് മണ്ണിടിച്ചില്‍ ഭീഷണി ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 22 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. അപകടത്തിൽപ്പെട്ട ബിജുവും സന്ധ്യയും ക്യാമ്പിലേക്ക് മാറിയിരുന്നു സർട്ടിഫിക്കറ്റുകളെടുക്കാൻ അവർ വീട്ടിൽ തിരികെ എത്തിയപ്പോഴായിരുന്നു അപകടം. ഇരുവരും മണ്ണിടിച്ചിൽപ്പെട്ടെന്ന് അറിഞ്ഞതോടെ നാട്ടുകാരും പൊലീസും സ്ഥലത്തെത്തിയപ്പോൾ വീടിന് അകത്തുനിന്ന് ദമ്പതികളുടെ നിലവിളി കേള്‍ക്കുകയായിരുന്നു. എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

ജെസിബി ഉപയോഗിച്ച് ആദ്യം മണ്ണ് നീക്കം ചെയ്യുകയാണ് ചെയ്തത്. പിന്നാലെ കോണ്‍ക്രീറ്റ് പാളികളും മാറ്റി. ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് കമ്പികള്‍ മുറിച്ചു. ചുറ്റിക ഉപയോഗിച്ച് കോണ്‍ഗ്രീറ്റ് പാളികള്‍ സാവകാശം പൊട്ടിച്ചു. ഇതിനിടെ സന്ധ്യ അസ്വസ്ഥത പ്രകടിപ്പിക്കുകയും വെള്ളം നല്‍കുകയും ചെയ്തു. ഓക്‌സിജന്റെ ലഭ്യത കുറഞ്ഞതോടെ അതിനുള്ള സൗകര്യവും ഒരുക്കി. മന്ത്രി റോഷി അഗസ്റ്റിന്‍, ഡീന്‍ കുര്യാക്കോസ് എംപി, എഡിഎം, ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.

Adimali landslide kills one

Share Email
LATEST
More Articles
Top