നവീൻ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിച്ചു, മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കുടുംബം

നവീൻ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിച്ചു, മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കുടുംബം

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് 65 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചു. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപണമുന്നയിച്ച ടി.വി. പ്രശാന്തൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ എന്നിവർക്കെതിരെയാണ് നവീൻ ബാബുവിൻ്റെ കുടുംബം മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്.

നവീൻ ബാബുവിനെ അഴിമതിക്കാരനായി പൊതുസമൂഹത്തിന് മുന്നിൽ തെറ്റായി ചിത്രീകരിച്ചു എന്നാണ് ഹർജിയിലെ പ്രധാന ആരോപണം. മാത്രമല്ല, അദ്ദേഹത്തിൻ്റെ മരണശേഷവും പ്രശാന്തൻ പലതവണ ഈ ആരോപണങ്ങൾ ആവർത്തിച്ചതായും കുടുംബം ഹർജിയിൽ പറയുന്നു. ഈ ഹർജി ഫയലിൽ സ്വീകരിച്ച പത്തനംതിട്ട സബ് കോടതി, പി.പി. ദിവ്യക്കും ടി.വി. പ്രശാന്തനും നോട്ടീസ് അയച്ചു. ഈ കേസ് അടുത്ത മാസം 11-ന് കോടതി വീണ്ടും പരിഗണിക്കും.

2024 ഒക്ടോബർ 15 നാണ് നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലംമാറിപോകുന്ന കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന് 2024 ഒക്ടോബര്‍ 14 ന് വൈകീട്ട് റവന്യു ഉദ്യോഗസ്ഥര്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണമില്ലാതെ എത്തിയായിരുന്നു ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യയുടെ അധിക്ഷേപ പ്രസംഗം. ദിവ്യയുടെ വാക്കുകളാണ് നവീന്‍ ബാബുവിന്‍റെ ജീവനെടുത്തതെന്നാണ് കുടുംബം പറയുന്നത്. രാത്രി 8.45 ന് മലബാര്‍ എക്സ്പ്രസില്‍ ചെങ്ങന്നൂരിലെ വീട്ടിലേക്ക് പോകേണ്ട നവീന്‍ ബാബു, കണ്ണൂര്‍ റയില്‍വെ സ്റ്റേഷന് സമീപത്ത് എത്തിയെങ്കിലും ട്രയിന്‍ കയറിയില്ല. പിറ്റേന്ന് രാവിലെ ഏഴ് മണിക്ക് പള്ളിക്കുന്നിലെ ക്വാട്ടേഴ്സില്‍ ഡ്രൈവര്‍ എത്തിയപ്പോള്‍ കണ്ടത് നവീന്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയിലാണ്.

Share Email
LATEST
More Articles
Top