തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണി യു.ഡി.എഫ്. മുന്നണിയിലേക്ക് വരണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് അറിയിച്ചു. ജോസ് കെ. മാണിക്ക് ആവശ്യമായ സംരക്ഷണം ലഭിക്കേണ്ടതുണ്ടെന്നും, അവിടെയും ഇവിടെയും പോയി എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ മറ്റ് തടസ്സങ്ങളൊന്നുമില്ലെന്നും, ചർച്ചകൾ നടക്കുന്നുണ്ടെന്നും അടൂർ പ്രകാശ് വെളിപ്പെടുത്തി.
കേരള കോൺഗ്രസ് (എം) യു.ഡി.എഫിലേക്ക് വന്നാൽ സീറ്റുകളുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. അവർ വന്നാൽ എവിടെ സീറ്റ് കൊടുക്കണം, എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. നിലവിൽ സീറ്റുകളുടെ കാര്യത്തിൽ യു.ഡി.എഫ്. ഇതുവരെ ചർച്ചകൾ നടത്തിയിട്ടില്ല. സീറ്റുകളെ സംബന്ധിച്ച എല്ലാ കാര്യങ്ങളും സമവായത്തോടുകൂടി എല്ലായിടത്തും ഒരു പ്രശ്നവുമില്ലാതെ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും കൺവീനർ കൂട്ടിച്ചേർത്തു.
ജോസ് കെ. മാണിയെ മാത്രമല്ല, മറ്റ് പലരുമായും യു.ഡി.എഫ്. ചർച്ചകൾ നടത്തുന്നുണ്ടെന്ന് അടൂർ പ്രകാശ് വെളിപ്പെടുത്തി. സി.പി.ഐ.യിലെ നേതാക്കന്മാരും ഉൾപ്പെടെ പലരുമായിട്ടും ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, എല്ലാ ചർച്ചകളെക്കുറിച്ചും തുറന്നു പറഞ്ഞാൽ, ചർച്ച വഴിമുട്ടി പോകുമെന്നും അതുകൊണ്ട് എല്ലാ ചർച്ചകളും ഇപ്പോൾ വെളിപ്പെടുത്താൻ സാധ്യമല്ലെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
UDF Convener Adoor Prakash publicly invited Kerala Congress (M) leader Jose K. Mani to join the UDF alliance