തിരുത്തലുമായി താലിബാൻ; ആമിർ ഖാൻ മുത്താഖിയുടെ അടുത്ത വാർത്താസമ്മേളനത്തിലേക്ക് വനിതാ മാധ്യമപ്രവർത്തകർക്കും ക്ഷണം

തിരുത്തലുമായി താലിബാൻ; ആമിർ ഖാൻ മുത്താഖിയുടെ അടുത്ത വാർത്താസമ്മേളനത്തിലേക്ക് വനിതാ മാധ്യമപ്രവർത്തകർക്കും ക്ഷണം

ദില്ലി: അഫ്ഗാൻ വിദേശകാര്യമന്ത്രി ആമിർ ഖാൻ മുത്താഖി ഡൽഹിയിൽ നടത്തിയ ആദ്യ വാർത്താസമ്മേളനത്തിൽ നിന്ന് വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയത് വൻ പ്രതിഷേധത്തിന് വഴിവെച്ചതോടെ, തിരുത്തുമായി താലിബാൻ. ഇന്ന് സംഘടിപ്പിക്കുന്ന അടുത്ത പ്രസ് മീറ്റിലേക്ക് വനിതാ മാധ്യമപ്രവർത്തകരെയും ക്ഷണിക്കുമെന്ന് അറിയിച്ചു.

ഒരാഴ്ച നീണ്ടുനിൽക്കുന്ന ഇന്ത്യാ സന്ദർശനത്തിനായി ന്യൂഡൽഹിയിലെത്തിയ മുത്താഖി വെള്ളിയാഴ്ച വൈകുന്നേരം നടത്തിയ മാധ്യമ കൂടിക്കാഴ്ചയിലാണ് വനിതാ മാധ്യമപ്രവർത്തകർക്ക് പ്രവേശനം നിഷേധിച്ചത്. താലിബാൻ നേതാവിന്റെ ഈ വിവേചനപരമായ നടപടി രാജ്യവ്യാപകമായി കടുത്ത വിമർശനത്തിന് കാരണമായി.

എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയും ഇന്ത്യൻ വിമൻ പ്രസ് കോർപ്‌സും ഈ നടപടിയെ രൂക്ഷമായി വിമർശിച്ചു. വിയന്ന കൺവെൻഷൻ പ്രകാരമുള്ള നയതന്ത്രപരമായ പ്രത്യേകാവകാശം ഉപയോഗിച്ച് ഇന്ത്യൻ മണ്ണിൽ ലിംഗവിവേചനം കാണിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് ഗിൽഡ് പ്രസ്താവനയിൽ പറഞ്ഞു.

മാധ്യമ കൂടിക്കാഴ്ചയുമായി വിദേശകാര്യ മന്ത്രാലയത്തിന് ഒരു ബന്ധവുമില്ലെന്ന് ഇന്ത്യ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇത്രയും വിവേചനപരമായ ഒഴിവാക്കൽ കേന്ദ്രത്തിന്റെ അറിവോടെ അനുവദിച്ചത് ദൂരൂഹമാണെന്ന് ഗിൽഡ് കുറ്റപ്പെടുത്തി. വൻ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ്, ലിംഗപരമായ വിവേചനം ഒഴിവാക്കിക്കൊണ്ട് അടുത്ത മാധ്യമ കൂടിക്കാഴ്ചയിലേക്ക് വനിതാ മാധ്യമപ്രവർത്തകരെ ക്ഷണിക്കാൻ താലിബാൻ തീരുമാനിച്ചത്.

Share Email
LATEST
Top