ഡെൽഹി : ഇന്ത്യയുടെ സിന്ധു നദീജല ഉടമ്പടി സംബന്ധിച്ച നിലപാടുകൾക്ക് പിന്നാലെ, പാകിസ്താനിലേക്കൊഴുകുന്ന ജലത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ അഫ്ഗാനിസ്ഥാൻ നീക്കം തുടങ്ങി. തന്ത്രപ്രധാനമായ കുനാർ നദിക്ക് കുറുകെ അണക്കെട്ട് നിർമ്മിക്കാൻ അഫ്ഗാൻ ഭരണകൂടമായ താലിബാൻ തീരുമാനിച്ചു. ജലസ്രോതസ്സുകളുടെ പരമാധികാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. താലിബാൻ പരമോന്നത നേതാവ് മൗലവി ഹിബത്തുല്ല അഖുന്ദ്‌സദയാണ് അണക്കെട്ടിന്റെ നിർമ്മാണം എത്രയും പെട്ടെന്ന് ആരംഭിക്കാൻ ഊർജ്ജ-ജല മന്ത്രാലയത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്.
വിദേശ കമ്പനികളെ കാത്തുനിൽക്കാതെ രാജ്യത്തെ ആഭ്യന്തര കമ്പനികളെ ഉൾപ്പെടുത്തി പദ്ധതിയുടെ നിർമ്മാണം വേഗത്തിലാക്കാനാണ് താലിബാൻ ഭരണകൂടത്തിന്റെ തീരുമാനം. കുനാർ നദിയിൽ അണക്കെട്ട് നിർമ്മിക്കുന്നത് പാകിസ്താന്റെ ജല ലഭ്യതയെ സാരമായി ബാധിച്ചേക്കാം. കാർഷിക ആവശ്യങ്ങൾക്കായി സിന്ധു നദീതട വ്യവസ്ഥയെ ആശ്രയിക്കുന്ന പാകിസ്താൻ, ഇന്ത്യയുടെ നീക്കത്തിന് പിന്നാലെ ജലക്ഷാമം ഭയപ്പെടുന്ന സാഹചര്യത്തിലാണ് അഫ്ഗാനിസ്ഥാന്റെ ഈ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്.
മേഖലയിലെ ജലവിഭവ തർക്കങ്ങൾ പുതിയ തലത്തിലേക്ക് ഉയർത്തുന്നതാണ് അഫ്ഗാനിസ്ഥാന്റെ ഈ തീരുമാനം. ഊർജ്ജാവശ്യങ്ങൾക്കും ജലസേചനത്തിനും വേണ്ടി അയൽ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന താലിബാൻ, ഇന്ത്യയുമായി അടുപ്പം സ്ഥാപിക്കുന്നതിനിടെയാണ് ഈ നീക്കം നടത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ നിലവിൽ നദീജല കരാറുകളൊന്നും ഇല്ലാത്ത സാഹചര്യത്തിൽ, കുനാർ നദിയിലെ പുതിയ അണക്കെട്ട് പാകിസ്താനുമായുള്ള ബന്ധത്തിൽ കൂടുതൽ സംഘർഷങ്ങൾക്ക് വഴിവെച്ചേക്കാം.













