കൊച്ചി: കണ്ണൂർ എഡിഎമ്മായിരിക്കെയുള്ള നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം 65 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിന് പിന്നാലെ ആരോപണ വിധേയയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ ഫേസ്ബുക്ക് കുറിപ്പുമായി രംഗത്ത്. ‘അഴിമതി അവകാശമാക്കാൻ ശ്രമിക്കുന്നവരും അഴിമതിക്കാരെ വിശുദ്ധരാക്കാൻ അധ്വാനിക്കുന്നവരും ഉള്ളപ്പോൾ എങ്ങനെ പ്രതികരിക്കാനാണ്’ – എന്നായിരുന്നു ദിവ്യയുടെ കുറിപ്പ്. അഴിമതിക്കെതിരായ ബോധവൽക്കരണ വാരവുമായി ബന്ധപ്പെട്ട് പി.പി. ദിവ്യ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് വിവാദമായിട്ടുണ്ട്. വിജിലൻസിന്റെ അഴിമതിവിരുദ്ധ ബോധവൽക്കരണ വാരത്തിന്റെ (ഒക്ടോബർ 27 – നവംബർ 2) പശ്ചാത്തലത്തിലാണെങ്കിലും ദിവ്യയുടെ പോസ്റ്റിലെ വിമർശനം നവീനും കുടുംബത്തിനും എതിരെയാണെന്നാണ് വിലയിരുത്തലുകൾ.
അതേസമയം പത്തനംതിട്ട സബ്‌കോടതിയിലാണ് നവീൻ ബാബുവിന്റെ കുടുംബം ഹർജി സമർപ്പിച്ചത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയും ടി.വി. പ്രശാന്തനും എതിർകക്ഷികളാണ്. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉന്നയിച്ചതുമായി ബന്ധപ്പെട്ടാണ് ഹർജി.
2024 ഒക്ടോബർ 15-ന് നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തലേദിവസം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ പി.പി. ദിവ്യ ക്ഷണിക്കപ്പെടാതെ എത്തി അപകീർത്തികരമായി പ്രസംഗിച്ചുവെന്നാണ് ആരോപണം. ടി.വി. പ്രശാന്തൻ നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചിരുന്നെങ്കിലും അത് തെളിയിക്കാൻ തയ്യാറായില്ല. എന്നാൽ, ലാൻഡ് റവന്യൂ കമ്മിഷണറുടെയും വിജിലൻസിന്റെയും റിപ്പോർട്ടുകൾ നവീൻ ബാബു കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥനാണെന്ന് സാക്ഷ്യപ്പെടുത്തുന്നതായി ഹർജി ചൂണ്ടിക്കാട്ടുന്നു. പ്രശാന്തൻ മുഖ്യമന്ത്രിക്ക് അയച്ചെന്ന് പറയുന്ന പരാതി ആ ഓഫീസിൽ ലഭിച്ചിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. പത്തനംതിട്ട സബ്‌കോടതി ഹർജി സ്വീകരിച്ച് ദിവ്യയ്ക്കും പ്രശാന്തനും സമൻസ് അയച്ചിട്ടുണ്ട്. നവംബർ 11-ന് നേരിട്ടോ അഭിഭാഷകർ മുഖാന്തരമോ ഹാജരാകാൻ കോടതി നിർദേശിച്ചു.













