ഗതാഗത നിയമം ലംഘിച്ച് ഘടിപ്പിച്ച എയർ ഹോണുകൾ പിടിച്ചെടുത്ത് റോഡ് റോളർ കയറ്റി നശിപ്പിച്ചു; കേരളത്തിൽ കർശന നടപടി

ഗതാഗത നിയമം ലംഘിച്ച് ഘടിപ്പിച്ച എയർ ഹോണുകൾ പിടിച്ചെടുത്ത് റോഡ് റോളർ കയറ്റി നശിപ്പിച്ചു; കേരളത്തിൽ കർശന നടപടി

കൊച്ചി: ഗതാഗത നിയമം ലംഘിച്ച് എയർഹോണുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി.) കർശന നടപടി സ്വീകരിച്ചു. പിടിച്ചെടുത്ത എയർഹോണുകൾ ഫൈൻ ഈടാക്കിയതിന് പുറമെ റോഡ് റോളർ കയറ്റി നശിപ്പിച്ചു. വാഹനങ്ങളിലെ എയർഹോണുകൾ പിടിച്ചെടുത്ത് പൊതുജനങ്ങൾക്ക് മുന്നിൽവെച്ചുതന്നെ നശിപ്പിക്കണമെന്നും അത് മാധ്യമങ്ങൾ വാർത്തയായി നൽകണമെന്നും ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാർ നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് കൊച്ചിയിൽ രണ്ടാംഘട്ട നടപടിയായി എയർഹോണുകൾ നശിപ്പിച്ചത്. എറണാകുളം ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നായി പിടിച്ചെടുത്ത ഹോണുകളാണ് കടവന്ത്രയിലെ കമ്മട്ടിപ്പാടത്ത് എത്തിച്ച് നശിപ്പിച്ചത്.

കേരളത്തിലെ വാഹനങ്ങളിൽ എയർഹോൺ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ഹോണുകളാണ് നശിപ്പിച്ചത്. എയർ ഹോണുകൾ ഘടിപ്പിച്ച വാഹനങ്ങൾ പരിശോധിച്ച് ഹോണുകൾ പിടിച്ചെടുക്കണമെന്നും ഇവ റോഡ് റോളർ കയറ്റി നശിപ്പിച്ചു കളയണമെന്നുമായിരുന്നു കേരളത്തിന്റെ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം.

ഒക്ടോബർ 13 മുതൽ 19 വരെയായിരുന്നു വാഹനങ്ങളിലെ എയർ ഹോൺ കണ്ടെത്തുന്നതിനായി മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. നടപടി പൂർത്തിയായതിന് പിന്നാലെയാണ് ഒക്ടോബർ 20 തിങ്കളാഴ്ച പിടിച്ചെടുത്ത ഹോണുകളെല്ലാം നിരത്തിവെച്ച് റോഡ് റോളർ കയറ്റി നശിപ്പിച്ചത്. കൊച്ചിയിലെ കമ്മട്ടിപ്പാടത്തെ ആളൊഴിഞ്ഞ റോഡിൽവെച്ചാണ് റോഡ് റോളർ ഉപയോഗിച്ച് ഹോണുകൾ നശിപ്പിച്ചത്. എത്ര ഹോണുകൾ നശിപ്പിച്ചെന്നുള്ള വിവരം പിന്നാലെ അറിയിക്കുമെന്ന് എം.വി.ഡി. ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സംസ്ഥാനത്ത് കുറച്ചധികം ദിവസങ്ങളായി എയർഹോണുകൾ പിടിച്ചെടുക്കാൻ എം.വി.ഡി.യുടെ നേതൃത്വത്തിൽ വലിയ യജ്ഞം നടന്നിരുന്നു. 500-ഓളം എയർഹോണുകൾ എറണാകുളത്ത് നിന്ന് മാത്രമായി പിടിച്ചെടുത്തിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങളിലാണ് എയർഹോണുകൾ കൂടുതലായി കാണപ്പെടുന്നതെന്ന് എം.വി.ഡി. ഉദ്യോഗസ്ഥർ അറിയിച്ചു. കൊച്ചിയിലെ മറ്റ് സ്ഥലങ്ങളിലും പരിശോധന തുടരുകയാണ്. പിടിച്ചെടുക്കുന്നതും, നശിപ്പിക്കുന്നതും മോട്ടോർ വാഹന വകുപ്പ് ക്യാമറയിൽ പകർത്തും. നിയമനടപടികൾക്ക് കോടതി ആവശ്യപ്പെട്ടാൽ ഹാജരാക്കാനാണ് എം.വി.ഡി. ഇത് ചെയ്യുന്നത്. ഒരു ബോധവൽക്കരണം കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഒരാഴ്ചകൾക്ക് മുൻപ് ഗതാഗതമന്ത്രിക്ക് തന്നെ പൊതുനിരത്തിൽ നിന്നുണ്ടായ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് അതിവേഗ നടപടിയിലേക്ക് എം.വി.ഡി. എത്തിയത്.

കഴിഞ്ഞ ദിവസം കോതമംഗലത്ത് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാർ പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങിനിടെ അമിതവേഗത്തിലും ഹോണടിച്ചും പാഞ്ഞ ബസുകൾക്കെതിരേ മന്ത്രി ഉടനടി നടപടിയെടുത്തിരുന്നു. ബസുകളുടെ പെർമിറ്റ് റദ്ദാക്കുകയും ഡ്രൈവർമാരുടെ ലൈസൻസും സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. അതിനുപിന്നാലെയാണ് സംസ്ഥാനത്ത് ഉടനീളം വാഹനങ്ങളിലെ എയർ ഹോൺ ഒഴിവാക്കുന്നതിന് പരിശോധന നടത്താനും നടപടി സ്വീകരിക്കാനും മന്ത്രി നിർദേശിച്ചത്.

Air horns installed in violation of traffic rules were seized and destroyed by road rollers; strict action taken in Kerala

Share Email
More Articles
Top