ന്യൂഡൽഹി: എയർ ഇന്ത്യയുടെ മുഴുവൻ ബോയിങ് 787 ഡ്രീംലൈനർ വിമാനങ്ങളിലും വിശദമായ സുരക്ഷാ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് പൈലറ്റുമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്‌സ് (FIP) കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡുവിന് കത്തയച്ചു. വിമാനങ്ങളുടെ ഇലക്ട്രിക്കൽ സിസ്റ്റത്തിലെ തകരാറുകൾ കണ്ടെത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
സമീപനാളുകളിൽ എയർ ഇന്ത്യ വിമാനങ്ങളിൽ തുടർച്ചയായി നിരവധി തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ്, തകരാറുകളുടെ കാരണങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംഘടന കേന്ദ്രമന്ത്രിയെ സമീപിച്ചത്. ബർമിങ്ഹാമിൽ വെച്ച് എയർ ഇന്ത്യ വിമാനത്തിന്റെ റാം എയർ ടർബൈൻ (RAT) പ്രവർത്തനക്ഷമമായ സംഭവവും വിയന്നയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിനുണ്ടായ തകരാറുകളും കത്തിൽ പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു.
വിമാനങ്ങളുടെ പരിശോധനയ്ക്ക് പുറമെ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (DGCA) മേൽനോട്ടത്തിൽ എയർ ഇന്ത്യയിൽ ഒരു പ്രത്യേക ഓഡിറ്റിങ് നടത്തണമെന്നും പൈലറ്റുമാരുടെ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ഡിജിസിഎയുടെ ഫ്‌ലൈറ്റ് സേഫ്റ്റി ഡയറക്ടറേറ്റ്, എയർ സേഫ്റ്റി, എയർ വർത്തിനസ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരെ നിയമിച്ച് വേണം ഈ പ്രത്യേക ഓഡിറ്റിങ് നടത്താനെന്നും കത്തിൽ വ്യക്തമാക്കുന്നു.
Air India Boeing aircraft should be inspected, special auditing should be conducted: Pilots’ association writes











