എബി മക്കപ്പുഴ
ബെർലിൻ: ലോകത്തിലെ ആദ്യത്തെ എഐ മന്ത്രിയായ അൽബേനിയയുടെ ‘ഡീല്ല’ (Diella) ഗർഭിണിയാണെന്ന് പ്രധാനമന്ത്രി എഡി രാമ. സോഷ്യലിസ്റ്റ് പാർട്ടിയിലെ ഓരോ പാർലമെൻറ് അംഗത്തിനും വേണ്ടി ഓരോ എഐ സഹായികളെ, അഥവാ ഡീല്ലയുടെ 83 ‘കുട്ടികളെ’ സൃഷ്ടിക്കാൻ പദ്ധതിയിടുന്നതിനെക്കുറിച്ചാണ് പ്രധാനമന്ത്രി ആലങ്കാരികമായി ഇങ്ങനെ പറഞ്ഞത്. ബെർലിനിൽ നടന്ന ഗ്ലോബൽ ഡയലോഗിൽ സംസാരിക്കവെയാണ് രാമ ഈ പ്രഖ്യാപനം നടത്തിയത്.
“ഇന്ന് ഡീല്ല ഇവിടെ ഉണ്ടായിരുന്നത് വലിയൊരു വെല്ലുവിളിയായിരുന്നു, ഞങ്ങൾ അത് നന്നായി ചെയ്തു. അതുകൊണ്ട് ആദ്യമായി ഡീല്ല ഗർഭിണിയാണ്, 83 കുട്ടികളോടുകൂടി,” രാമ പറഞ്ഞു.
പൊതു സംഭരണ സംവിധാനം പൂർണ്ണമായും സുതാര്യവും അഴിമതിരഹിതവുമാക്കാൻ വേണ്ടിയാണ് ഡീല്ലയെ സെപ്റ്റംബറിൽ മന്ത്രിയായി നിയമിച്ചത്. പൊതു ടെൻഡറുകളുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും എടുക്കുന്ന ചുമതല ഡീല്ലയ്ക്കാണ്. ഇത് ടെൻഡറുകൾ നൂറുശതമാനം അഴിമതിരഹിതമാക്കാൻ സഹായിക്കുമെന്നും, ടെൻഡർ നടപടിക്രമങ്ങൾക്ക് സമർപ്പിക്കുന്ന എല്ലാ പൊതു ഫണ്ടുകളും തികച്ചും സുതാര്യമായിരിക്കുമെന്നും രാമ പറഞ്ഞു.
‘ഇ-അൽബേനിയ’ പ്ലാറ്റ്‌ഫോമിൽ വെർച്വൽ അസിസ്റ്റൻ്റായി ജനുവരിയിൽ രംഗപ്രവേശം ചെയ്ത ഡീല്ല, പൗരന്മാരെയും ബിസിനസുകളെയും സർക്കാർ രേഖകൾ നേടാൻ സഹായിച്ചിരുന്നു. പരമ്പരാഗത അൽബേനിയൻ വേഷം ധരിച്ച സ്ത്രീയുടെ രൂപത്തിലാണ് ഈ എഐ മന്ത്രിയെ അവതരിപ്പിച്ചിട്ടുള്ളത്. നിർമ്മിത ബുദ്ധിക്കുവേണ്ടിയുള്ള മന്ത്രി എന്നതിലുപരി, കോഡുകളും പിക്സലുകളും മാത്രം ഉൾക്കൊള്ളുന്ന ഒരു എഐ സ്ഥാപനം എന്ന നിലയിലാണ് ഡീല്ല പ്രവർത്തിക്കുന്നത്. മനുഷ്യനല്ലാത്ത ഒരു സർക്കാർ മന്ത്രിയെ ഔദ്യോഗികമായി നിയമിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് അൽബേനിയ.
പാർലമെൻറ് സമ്മേളനങ്ങളിൽ നടക്കുന്ന കാര്യങ്ങളെല്ലാം രേഖപ്പെടുത്താനും, നിയമനിർമ്മാതാക്കൾക്ക് ചർച്ചകളെക്കുറിച്ചോ അവർക്ക് നഷ്ടമായ സംഭവങ്ങളെക്കുറിച്ചോ വിവരങ്ങൾ നൽകാനും ഈ 83 ‘കുട്ടികൾ’ സഹായികളായി പ്രവർത്തിക്കും. “ഓരോരുത്തരും അവർക്ക് (പാർലമെൻറ് അംഗങ്ങൾക്ക്) സഹായിയായി പ്രവർത്തിക്കും. അവർ പാർലമെൻറ് സെഷനുകളിൽ പങ്കെടുക്കുകയും, അവിടെ നടക്കുന്ന എല്ലാ കാര്യങ്ങളും രേഖപ്പെടുത്തി പാർലമെൻറ് അംഗങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. ഈ കുട്ടികൾക്കെല്ലാം അവരുടെ അമ്മയുടെ (ഡീല്ലയുടെ) അറിവുണ്ടാകും” രാമ വിശദീകരിച്ചു.
എഐ സഹായികൾ എങ്ങനെ പ്രവർത്തിക്കുമെന്നും രാമ വിശദീകരിച്ചു: “ഉദാഹരണത്തിന്, റിപ്പോർട് ചെയ്യാതെ പാർലമെൻറ് അംഗം പുറത്തുപോയാൽ, തിരികെ വരാൻ മറന്നാൽ, നിങ്ങൾ ഹാളിൽ ഇല്ലാതിരുന്നപ്പോൾ എന്ത് പറഞ്ഞു എന്ന് ഈ കുട്ടി പറഞ്ഞുതരും.” 2026 അവസാനത്തോടെ ഈ സംവിധാനം പൂർണ്ണമായി പ്രവർത്തനക്ഷമമാകുമെന്നാണ് പ്രധാനമന്ത്രി പ്രതീക്ഷിക്കുന്നത്.
Albanian PM says first AI minister ‘Diella’ is ‘pregnant’; plans to create 83 AI assistants













