ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ (UNSC) ഭീകരവാദത്തിനെതിരായ നടപടികൾ “മുരടിച്ച” നിലയിലാവാൻ കാരണം അടിയന്തിരമായ പരിഷ്കരണത്തിന്റെ അഭാവമാണെന്ന് ഇന്ത്യ. പഹൽഗാം ആക്രമണത്തിന് ഉത്തരവാദിത്തം ഏറ്റെടുത്ത ഭീകരസംഘടനയെ സംരക്ഷിക്കാൻ പാകിസ്ഥാൻ ശ്രമിച്ചത് ചൂണ്ടിക്കാട്ടിയാണ് വെള്ളിയാഴ്ച ഇന്ത്യയുടെ വിമർശനം. ആഗോളതലത്തിൽ ഭീകരവാദത്തിനെതിരായ പ്രവർത്തനങ്ങൾ ഫലപ്രദമാകാതിരിക്കാൻ പാകിസ്ഥാന്റെ ഇത്തരം ഇടപെടലുകൾ കാരണമാകുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി.
ഭീകരാക്രമണത്തിന്റെ ഇരകളെയും, അതിക്രമം നടത്തിയവരെയും തുല്യരായി കാണുന്നതിനെയും, ആഗോള തന്ത്രങ്ങളുടെ പേരിൽ ഇത്തരം താരതമ്യങ്ങൾ നടത്തുന്നതിനെയും ജയശങ്കർ രൂക്ഷമായി വിമർശിച്ചു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയെയും പാകിസ്ഥാനെയും ഒരുമിച്ച് ചേർത്ത് കാണുന്ന ‘ഹൈഫനേഷൻ’ (Hyphenation) നയത്തെയാണ് അദ്ദേഹം പ്രധാനമായും പരാമർശിച്ചത്. ഭീകരവാദത്തിന്റെ ഇരകളെയും കുറ്റവാളികളെയും ഒന്നായി കാണുന്നത് നീതിയല്ലെന്നും, ഈ സമീപനം ലോകത്തെ തെറ്റിദ്ധരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.













