ന്യൂഡൽഹി: ആഗോള ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ അടുത്ത ഘട്ട കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. കമ്പനിയുടെ ഹ്യൂമൻ റിസോഴ്‌സ് (എച്ച്.ആർ.) വിഭാഗമായ ‘പീപ്പിൾ എക്സ്പീരിയൻസ് ആൻഡ് ടെക്‌നോളജി’ (PXT) ടീമിലെ 15 ശതമാനം ജീവനക്കാർക്ക് വരെ ജോലി നഷ്ടമായേക്കാം എന്നാണ് സൂചന. മറ്റ് പ്രധാന കൺസ്യൂമർ ബിസിനസ് വിഭാഗങ്ങളിലും തൊഴിൽ വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ട്.
ചെലവ് ചുരുക്കുന്നതിൻ്റെയും പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിൻ്റെയും ഭാഗമായാണ് പുതിയ നീക്കം. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് , ക്ലൗഡ് ഓപ്പറേഷൻസ് എന്നിവയിൽ ആമസോൺ വലിയ തോതിൽ നിക്ഷേപം നടത്തുന്ന സമയത്താണ് ഈ പിരിച്ചുവിടൽ വരുന്നത്. എ.ഐ. അടിസ്ഥാനമാക്കിയുള്ള ഡാറ്റാ സെൻ്ററുകൾ നിർമ്മിക്കുന്നതിനായി കമ്പനി ഈ വർഷം 100 ബില്യൺ ഡോളറിലധികം നിക്ഷേപം നടത്താൻ പ്രതിജ്ഞാബദ്ധമാണ്.
പുതിയ യുഗം എ.ഐ.യുടേതായിരിക്കുമെന്നും എല്ലാ ജീവനക്കാർക്കും ഈ മാറ്റത്തിനൊപ്പം മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും ആമസോൺ സി.ഇ.ഒ. ആൻഡി ജസ്സി നേരത്തെ വ്യക്തമാക്കിയിരുന്നു. എ.ഐ.യുടെ വ്യാപകമായ ഉപയോഗം കാരണം കോർപ്പറേറ്റ് ജീവനക്കാരുടെ എണ്ണം കുറയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ 27,000-ത്തോളം കോർപ്പറേറ്റ് ജോലികൾ വെട്ടിക്കുറച്ചതിന് ശേഷമുള്ള ആമസോണിലെ ഏറ്റവും വലിയ പുനഃസംഘടനയായാണ് ഇതിനെ വിലയിരുത്തുന്നത്.













