‘ട്രംപിന്റെ സിനിമാ തീരുവയെ ഇന്ത്യ അവസരമായി കാണണം’; വിമർശനവുമായി അനുരാഗ് ബസു

‘ട്രംപിന്റെ സിനിമാ തീരുവയെ ഇന്ത്യ അവസരമായി കാണണം’; വിമർശനവുമായി അനുരാഗ് ബസു

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യുഎസിന് പുറത്ത് നിർമിക്കുന്ന സിനിമകൾക്ക് 100 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള തീരുമാനം ചലച്ചിത്ര ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഈ നടപടിയെ വിമർശിച്ച് നിരവധി ചലച്ചിത്ര പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, ബോളിവുഡ് സംവിധായകൻ അനുരാഗ് ബസു ഈ തീരുമാനത്തെ ഇന്ത്യയ്ക്ക് അവസരമായി കാണണമെന്ന് അഭിപ്രായപ്പെട്ടു. ഹോളിവുഡ് സിനിമകൾക്ക് ഇന്ത്യയിൽ താരിഫ് ഏർപ്പെടുത്തി ട്രംപിന്റെ നീക്കത്തോട് പ്രതികരിക്കണമെന്ന് അദ്ദേഹം സൂമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അനുരാഗ് ബസുവിന്റെ വാദം, ട്രംപിന്റെ താരിഫ് ഇന്ത്യൻ സിനിമകൾക്ക് അനുഗ്രഹമാകാമെന്നാണ്. ഹോളിവുഡ് സിനിമകൾക്ക് ഇന്ത്യയിൽ ഉയർന്ന താരിഫ് ഏർപ്പെടുത്തിയാൽ, ടിക്കറ്റ് നിരക്ക് കൂടുന്നത് കാരണം പ്രേക്ഷകർ ഇന്ത്യൻ സിനിമകളിലേക്ക് തിരിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഇത് ഇന്ത്യൻ സിനിമകൾക്ക് കൂടുതൽ പ്രേക്ഷകരെയും വരുമാനവും നേടാൻ സഹായിക്കുമെന്നും, യുഎസിൽ ഉണ്ടാകുന്ന വരുമാന നഷ്ടത്തെക്കാൾ വലിയ കളക്ഷൻ ഇന്ത്യയിൽ നിന്ന് ലഭിക്കുമെന്നും അനുരാഗ് ചൂണ്ടിക്കാട്ടി.

നേരത്തെ, സംവിധായകൻ കബീർ ഖാൻ ട്രംപിന്റെ താരിഫ് നടപടിക്കെതിരെ പ്രതികരിച്ചിരുന്നു. ‘യുഎസിന് പുറത്ത് നിർമിക്കുന്ന സിനിമകൾ’ എന്നതുകൊണ്ട് ട്രംപ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ലെന്ന് അദ്ദേഹം എൻഡിടിവിയോട് ചോദിച്ചു. ഈ പ്രഖ്യാപനം എങ്ങനെ നടപ്പാക്കാനാകുമെന്നും കബീർ ഖാൻ സംശയം പ്രകടിപ്പിച്ചു. ട്രംപിന്റെ തീരുവ നയം ചലച്ചിത്ര വ്യവസായത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Share Email
LATEST
Top