ജെഫ്രി എപ്സ്റ്റീൻ വിവാദം: ബ്രിട്ടീഷ് രാജകുടുംബത്തിലെ പ്രധാന പദവികൾ ആൻഡ്രൂ രാജകുമാരൻ ഉപേക്ഷിച്ചു

ജെഫ്രി എപ്സ്റ്റീൻ വിവാദം: ബ്രിട്ടീഷ് രാജകുടുംബത്തിലെ പ്രധാന പദവികൾ ആൻഡ്രൂ രാജകുമാരൻ ഉപേക്ഷിച്ചു

ലണ്ടൻ: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം വിവാദമായതിനെ തുടർന്ന് ബ്രിട്ടീഷ് രാജകുടുംബത്തിലെ സുപ്രധാന പദവികൾ ഉപേക്ഷിച്ച് ആൻഡ്രൂ രാജകുമാരൻ. ഡ്യൂക്ക് ഓഫ് യോർക്ക്, ഓർഡർ ഓഫ് ദി ഗാർട്ടർ തുടങ്ങിയ പദവികൾ സ്വമേധയാ തിരികെ നൽകാനും ഉപേക്ഷിക്കാനും അദ്ദേഹം തീരുമാനിച്ചു. സഹോദരനും നിലവിലെ രാജാവുമായ ചാൾസ് മൂന്നാമന്റെ അനുവാദത്തോടെയാണ് ഈ നടപടിയെന്ന് ബക്കിംഗ്ഹാം പാലസിന്റെ പ്രസ്താവനയിൽ വ്യക്തമാക്കി. എലിസബത്ത് രാജ്ഞിയിൽ നിന്ന് ലഭിച്ച യോർക്ക് ഡ്യൂക്ക് പദവിയും ആൻഡ്രൂ ഉപേക്ഷിച്ചെങ്കിലും, രാജകുമാരനെന്ന പദവി നിലനിൽക്കുമെന്നാണ് വിവരം.

ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം വലിയ വിവാദമായതോടെ ആൻഡ്രൂ രാജകുമാരൻ കടുത്ത സമ്മർദ്ദത്തിലായിരുന്നു. ബക്കിംഗ്ഹാം കൊട്ടാരം അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ജനങ്ങൾക്കിടയിൽ ആവശ്യം ശക്തമായിരുന്നു. തനിക്കെതിരായ ആരോപണങ്ങൾ ശക്തമായി നിഷേധിക്കുന്നുവെന്ന് ആൻഡ്രൂ രാജകുമാരൻ പ്രസ്താവനയിൽ വ്യക്തമാക്കി. നേരത്തെ, വർക്കിംഗ് റോയൽ പദവി അദ്ദേഹം ഉപേക്ഷിച്ചിരുന്നു. എന്നാൽ, 2078 വരെ സ്വകാര്യ പാട്ടക്കരാർ ഉള്ള വിൻഡ്‌സർ ഭവനമായ റോയൽ ലോഡ്ജിൽ അദ്ദേഹം തുടർന്നും താമസിക്കുമെന്നാണ് വിലയിരുത്തൽ.

വിവാദങ്ങൾ ആൻഡ്രൂ രാജകുമാരനെ വേട്ടയാടുന്നത് തുടരുകയാണ്. വിർജീനിയ ഗിയുഫ്രെയുമായുള്ള കോടതി കേസ് ഒത്തുതീർപ്പാക്കിയതും, സാമ്പത്തിക തിരിമറി ആരോപണങ്ങളും, ചൈനീസ് ചാരനുമായുള്ള ബന്ധം എന്നിവയും അദ്ദേഹത്തിനെതിരെ ഉയർന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ മുൻ ഭാര്യ സാറാ ഫെർഗൂസന് ഇനി ഡച്ചസ് ഓഫ് യോർക്ക് എന്ന പദവി ലഭിക്കില്ല. എന്നാൽ, ഇവരുടെ പെൺമക്കൾക്ക് രാജകുമാരി എന്ന പദവിക്ക് അർഹത തുടരും.

Share Email
Top