വാഷിങ്ടൺ ഡിസി: യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച 20 ഇന സമാധാന പദ്ധതിക്ക് സൗദി അറേബ്യ, ജോർദാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ.), ഖത്തർ, ഈജിപ്ത് എന്നീ പ്രധാന അറബ് രാജ്യങ്ങൾ പിന്തുണ പ്രഖ്യാപിച്ചതോടെ ഹമാസിന് മേൽ സമ്മർദ്ദം ഏറുന്നതായി റിപ്പോർട്ട്.
ഗാസയിൽ ചില പലസ്തീനികൾ ട്രംപിന്റെ സമാധാന പദ്ധതിയെ സ്വാഗതം ചെയ്തതായും വിവരമുണ്ട്. ബോംബാക്രമണങ്ങളും മരണങ്ങളും അവസാനിപ്പിക്കാൻ ഈ പദ്ധതിക്ക് കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ. എന്നിരുന്നാലും, ഇസ്രായേലിന്റെ നിയന്ത്രണം അവസാനിക്കുമോ എന്ന കാര്യത്തിൽ ഗാസക്കാർക്ക് സംശയമുണ്ട്. പതിനായിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ അധിനിവേശ സൈന്യം പുറത്തുപോയി ഗാസക്കാരെ സ്വതന്ത്രമായി വിടണമെന്ന ശക്തമായ ആവശ്യവും പലസ്തീനികൾക്കുണ്ട്. പദ്ധതി യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ആ കാര്യത്തിൽ ഒരു ഉറപ്പ് പലസ്തീനികൾക്കില്ല. ട്രംപിനെയും നെതന്യാഹുവിനെയും വിശ്വസിക്കാൻ കഴിയില്ലെന്നാണ് അവർ പറയുന്നത്.
അതേസമയം, ഗാസയിലെ ഇസ്രയേൽഹമാസ് യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 20 ഇന പദ്ധതിയുടെ വിശദാംശങ്ങൾ വൈറ്റ് ഹൗസ് പുറത്തുവിട്ടു.
ട്രംപിന്റെ നിർദേശങ്ങൾ:
1. ഗാസയെ തീവ്രവാദമുക്തവും അയൽരാജ്യങ്ങൾക്കു ഭീഷണിയാകാത്തതുമായ മേഖലയാക്കും.
- ഇതുവരെ കൊടുംദുരിതമനുഭവിച്ച ഗാസയിലെ ജനങ്ങൾക്കു വേണ്ടി അവിടെ പുനർവികസനം നടപ്പാക്കും.
- ഇരുപക്ഷവും ഈ നിർദേശം അംഗീകരിക്കുകയാണെങ്കിൽ യുദ്ധം ഉടൻ അവസാനിക്കും. ബന്ദികളെ മോചിപ്പിക്കാനുള്ള സൗകര്യത്തിനായി ഇസ്രയേൽ സൈന്യം നിശ്ചിത അതിർത്തിയിലേക്കു പിന്മാറും. ഈ സമയം വ്യോമാക്രമണങ്ങളും പീരങ്കി ആക്രമണങ്ങളും ഉൾപ്പെടെയുള്ള എല്ലാ സൈനിക നടപടികളും നിർത്തിവയ്ക്കും. കൂടാതെ, സമ്പൂർണ പിന്മാറ്റത്തിനുള്ള വ്യവസ്ഥകൾ പാലിക്കപ്പെടുന്നതുവരെ യുദ്ധമുന്നണികൾ സമാധാനസ്ഥിതിയിൽ തുടരും.
- ഇസ്രയേൽ ഈ കരാർ പരസ്യമായി അംഗീകരിച്ച് 72 മണിക്കൂറിനുള്ളിൽ ബന്ദികളെയെല്ലാം, മരിച്ചവരുടെ മൃതദേഹങ്ങളടക്കം തിരികെ നൽകും.
- എല്ലാ ബന്ദികളെയും മോചിപ്പിച്ചു കഴിഞ്ഞാൽ, ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട 250 തടവുകാരെയും 2023 ഒക്ടോബർ ഏഴിനുശേഷം തടവിലായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 1,700 ഗാസ നിവാസികളെയും ഇസ്രയേൽ മോചിപ്പിക്കും. തിരികെ ലഭിക്കുന്ന ഓരോ ഇസ്രയേൽ ബന്ദിയുടെയും മൃതദേഹങ്ങൾക്കു പകരം, മരിച്ച ഗാസക്കാരുടെ 15 മൃതദേഹങ്ങൾ ഇസ്രയേൽ വിട്ടുനൽകും.
- എല്ലാ ബന്ദികളെയും തിരികെ ലഭിച്ചുകഴിഞ്ഞാൽ, സമാധാനപരമായി കഴിയാൻ തീരുമാനമെടുക്കുകയും ആയുധങ്ങൾ ഉപേക്ഷിക്കാൻ തയാറാവുകയും ചെയ്യുന്ന ഹമാസ് അംഗങ്ങൾക്കു പൊതുമാപ്പ് നൽകും. ഗാസ വിട്ടുപോകാൻ ആഗ്രഹിക്കുന്ന ഹമാസ് അംഗങ്ങൾക്ക് അവരെ സ്വീകരിക്കുന്ന രാജ്യങ്ങളിലേക്കു സുരക്ഷിതമായ യാത്രാസൗകര്യം ഒരുക്കും.
- ഈ കരാർ അംഗീകരിച്ചാലുടൻ, ഗാസ മുനമ്പിലേക്ക് ഉടനടി സഹായമെത്തിക്കും. അടിസ്ഥാന സൗകര്യങ്ങളുടെ പുനരുദ്ധാരണം (വെള്ളം, വൈദ്യുതി, ഡ്രെയിനേജ്), ആശുപത്രികളുടെയും ബേക്കറികളുടെയും പുനർനിർമാണം, റോഡിലെ തടസ്സങ്ങൾ നീക്കം ചെയ്യാനും റോഡുകൾ തുറക്കാനും ആവശ്യമായ ഉപകരണങ്ങൾ എത്തിക്കൽ എന്നിവയുൾപ്പെടെ, സഹായം സംബന്ധിച്ച് 2025 ജനുവരി 19ലെ കരാറിൽ ഉൾപ്പെടുത്തിയിട്ടുള്ള സഹായത്തിന്റെ അളവ് നിലനിർത്തും.
- രണ്ടു കക്ഷികളുമായി ഒരു തരത്തിലും ബന്ധമില്ലാത്ത രാജ്യാന്തര സ്ഥാപനങ്ങൾക്കു പുറമെ, യുഎന്നും അതിന്റെ ഏജൻസികളും റെഡ് ക്രസന്റും വഴി, ഇരുപക്ഷത്തിന്റെയും ഇടപെടലില്ലാതെ ഗാസ മുനമ്പിലേക്കുള്ള സഹായ വിതരണം മുന്നോട്ടു കൊണ്ടുപോകും. ഇരുവശത്തേക്കുമുള്ള റഫ ക്രോസിങ് തുറക്കുന്നത് ജനുവരി 19ലെ കരാറനുസരിച്ചുള്ള വ്യവസ്ഥകൾക്കു വിധേയമായിരിക്കും.
- പൊതു സേവനങ്ങളുടെയും മുനിസിപ്പാലിറ്റികളുടെയും ദൈനംദിന നടത്തിപ്പിന് സാങ്കേതിക വിദഗ്ധരടങ്ങുന്ന, രാഷ്ട്രീയരഹിതമായ ഒരു താൽക്കാലിക പലസ്തീൻ സമിതിയെ ഏർപ്പെടുത്തും. ഈ സമിതിയിൽ യോഗ്യരായ പലസ്തീൻകാരും രാജ്യാന്തര വിദഗ്ധരും ഉൾപ്പെടും. ട്രംപിന്റെ അധ്യക്ഷതയിലുള്ള ഒരു രാജ്യാന്തര സമിതിയുടെ – ദ് ബോർഡ് ഓഫ് പീസ് – മേൽനോട്ടത്തിലായിരിക്കും ഇത്. യുകെ മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ അടക്കമുള്ള സമിതിയംഗങ്ങളെ പിന്നീട് പ്രഖ്യാപിക്കും.
- 2020ലെ ട്രംപിന്റെ സമാധാന പദ്ധതിയും സൗദിഫ്രഞ്ച് നിർദേശവും ഉൾപ്പെടെ വിവിധ നിർദേശങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള പലസ്തീൻ അതോറിറ്റിയുടെ പരിഷ്‌കരണ പരിപാടി പൂർത്തിയാവുകയും, ഗാസയുടെ നിയന്ത്രണം സുരക്ഷിതമായും ഫലപ്രദമായും തിരികെ ഏറ്റെടുക്കാൻ കഴിയുകയും ചെയ്യുന്നതുവരെ, ഗാസയുടെ പുനർവികസനത്തിനുള്ള മാർഗരേഖ നിശ്ചയിക്കുന്നതും ധനസഹായം കൈകാര്യം ചെയ്യുന്നതും ഈ ബോർഡായിരിക്കും. ഗാസയിലെ ജനങ്ങൾക്കു സേവനം നൽകുകയും നിക്ഷേപങ്ങളെ ആകർഷിക്കാൻ കഴിയുന്നതുമായ ഭരണം സൃഷ്ടിക്കുന്നതിനു മികച്ച രാജ്യാന്തര മാനദണ്ഡങ്ങൾ ഈ ബോർഡ് ഉപയോഗിക്കും.
- ഈ ബോർഡ്, രാജ്യാന്തര നിലവാരമനുസരിച്ച് ഗാസയിലെ ജനങ്ങൾക്കു മികച്ച ഭരണവും സേവനങ്ങളും ഉറപ്പാക്കുകയും നിക്ഷേപങ്ങൾ ആകർഷിക്കുകയും ചെയ്യും.
- മധ്യപൂർവേഷ്യയിലെ മികച്ച ആധുനിക നഗരങ്ങളിൽ ചിലതിന്റെ നിർമാണത്തിനു നേതൃത്വം വഹിച്ച വിദഗ്ധരുടെ ഒരു പാനലുണ്ടാക്കി ഗാസയെ പുനർനിർമിക്കാനുള്ള ഡോണൾഡ് ട്രംപിന്റെ സാമ്പത്തിക വികസന പദ്ധതി. ചില രാജ്യാന്തര സംഘടനകൾ നിക്ഷേപ നിർദേശങ്ങളും വികസന ആശയങ്ങളും രൂപപ്പെടുത്തിയിട്ടുണ്ട്. ഭാവിയിലെ ഗാസയ്ക്കു തൊഴിലും അവസരങ്ങളും നൽകുന്ന നിക്ഷേപങ്ങളെ ആകർഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സുരക്ഷാ, ഭരണ ചട്ടക്കൂടുകൾ സമന്വയിപ്പിക്കാൻ ഇവ പരിഗണിക്കും.
- പങ്കാളിത്തമുള്ള രാജ്യങ്ങളുമായി ചർച്ച ചെയ്ത് പ്രത്യേക താരിഫും പ്രവേശന നിരക്കുകളുമുള്ള ഒരു പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കും.
- ആരെയും ഗാസ വിട്ടുപോകാൻ നിർബന്ധിക്കില്ല. വിട്ടുപോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനു സ്വാതന്ത്ര്യമുണ്ടാകും, കൂടാതെ തിരികെ വരാനും സ്വാതന്ത്ര്യമുണ്ടാകും. ആളുകളെ അവിടെത്തന്നെ തുടരാൻ പ്രോത്സാഹിപ്പിക്കും. ഗാസ കെട്ടിപ്പടുക്കാൻ അവർക്ക് അവസരം നൽകുകയും ചെയ്യും.
- ഗാസയുടെ ഭരണത്തിൽ ഹമാസിനും മറ്റ് സംഘടനകൾക്കും നേരിട്ടോ അല്ലാതെയോ ഒരു തരത്തിലും പങ്കുണ്ടാകില്ലെന്ന് അവർ അംഗീകരിക്കണം. തുരങ്കങ്ങളും ആയുധ നിർമാണ സൗകര്യങ്ങളും ഉൾപ്പെടെയുള്ള എല്ലാ സൈനിക, ഭീകരവാദ, ആക്രമണ അടിസ്ഥാനസൗകര്യ വികസനങ്ങളും നശിപ്പിക്കും. അവ പുനർനിർമിക്കുകയുമില്ല.
- സ്വതന്ത്ര നിരീക്ഷകരുടെ മേൽനോട്ടത്തിൽ ഗാസയുടെ നിരായുധീകരണം നടക്കും. ഇതിൽ അംഗീകൃത നിരായുധീകരണ പ്രക്രിയയിലൂടെ ആയുധങ്ങൾ ശാശ്വതമായി ഉപയോഗശൂന്യമാക്കും. ഇതിൽ രാജ്യാന്തര സഹായത്തോടെയുള്ള തിരികെ വാങ്ങൽ, പുനഃസംയോജന പരിപാടികൾ എന്നിവയും ഉൾപ്പെടും. ഇവയെല്ലാം സ്വതന്ത്ര നിരീക്ഷകർ പരിശോധിച്ചുറപ്പിക്കും. സമൃദ്ധമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും അയൽക്കാരുമായി സമാധാനപരമായി സഹവർത്തിക്കുന്നതിനും പൂർണമായി പ്രതിജ്ഞാബദ്ധമായിരിക്കും പുതിയ ഗാസ.
- ഹമാസും മറ്റ് സംഘടനകളും അവരുടെ കടമകൾ പാലിക്കുന്നുണ്ടെന്നും പുതിയ ഗാസ അയൽക്കാർക്കോ അവിടത്തെ ജനങ്ങൾക്കോ ഭീഷണിയല്ലെന്നും പ്രാദേശിക പങ്കാളികൾ ഉറപ്പു നൽകും.
- ഗാസയിൽ ഉടനടി വിന്യസിക്കാനായി ഒരു താൽകാലിക രാജ്യാന്തര സ്ഥിരതാ സേനയെ (ഐഎസ്എഫ്) വികസിപ്പിക്കുന്നതിന് അറബ് രാജ്യങ്ങൾ, മറ്റ് രാജ്യാന്തര പങ്കാളികൾ എന്നിവരുമായി ചേർന്ന് യുഎസ് പ്രവർത്തിക്കും. പലസ്തീൻ പൊലീസ് സേനയ്ക്ക് ഐഎസ്എഫ് പരിശീലനവും പിന്തുണയും നൽകും, കൂടാതെ ഈ മേഖലയിൽ അനുഭവസമ്പത്തുള്ള ജോർദാനും ഈജിപ്തുമായും കൂടിയാലോചിക്കുകയും ചെയ്യും.
- ഈ സേനയ്ക്കായിരിക്കും ഗാസയുടെ ദീർഘകാല ആഭ്യന്തര സുരക്ഷാചുമതല. പുതിയതായി പരിശീലനം ലഭിച്ച പലസ്തീൻ പൊലീസ് സേനയോടൊപ്പം അതിർത്തി പ്രദേശങ്ങൾ സുരക്ഷിതമാക്കാൻ ഐഎസ്എഫ് ഇസ്രയേലുമായും ഈജിപ്തുമായും ചേർന്നു പ്രവർത്തിക്കും. ഗാസയിലേക്ക് ആയുധങ്ങൾ എത്തിക്കുന്നതു തടയാനും ഗാസയെ പുനർനിർമിക്കാൻ ആവശ്യമായ സാധനങ്ങൾ സുരക്ഷിതമായി എത്തിക്കാനും ഇതു നിർണായകമാണ്. കക്ഷികൾക്കിടയിൽ ഒരു സംഘർഷ പരിഹാര സംവിധാനം അംഗീകരിക്കും.
- ഇസ്രയേൽ ഗാസയെ കൈവശപ്പെടുത്തുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യില്ല. ഐഎസ്എഫ് മേഖലയെ നിയന്ത്രണത്തിലാക്കുകയും അവിടെ സ്ഥിരത ഉറപ്പാക്കുകയും ചെയ്യുമ്പോൾ, ഐഎസ്എഫ്, ഗ്യാരന്റർമാർ, യുഎസ് എന്നിവരുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ–നിരായുധീകരണവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ, സമയപരിധി എന്നിവയുടെ അടിസ്ഥാനത്തിൽ– ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അവിടെനിന്നു പിന്മാറും.
- ഇസ്രയേലിനും ഈജിപ്തിനും അതിന്റെ പൗരന്മാർക്കും ഇനി ഭീഷണിയാകാത്ത സുരക്ഷിത ഗാസയാണ് ഐഎസ്എഫിന്റെ ലക്ഷ്യം. ഐഡിഎഫ് കൈവശപ്പെടുത്തിയിരിക്കുന്ന ഗാസ മേഖല ക്രമേണ ഐഎസ്എഫിനു കൈമാറും. ഭീകരവാദ ഭീഷണിയിൽനിന്ന് ഗാസ പൂർണമായി സുരക്ഷിതമാകുന്നതുവരെ, ഗാസയിൽ അവരുടെ സാന്നിധ്യമുണ്ടാകും.
- ഹമാസ് ഈ നിർദേശങ്ങൾ അംഗീകരിക്കുന്നതു വൈകിപ്പിക്കുകയോ നിരസിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ, മുകളിൽ പറഞ്ഞിട്ടുള്ളവ, വർധിപ്പിച്ച സഹായ പ്രവർത്തനങ്ങൾ ഉൾപ്പെടെ, ഐഡിഎഫ് ഐഎസ്എഫിനു കൈമാറിയ ഭീകരവാദരഹിത മേഖലകളിൽ നടപ്പാക്കും.
- ക്ഷമയുടെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും ആവശ്യകത വ്യക്തമാക്കി പലസ്തീൻകാരുടെയും ഇസ്രയേലികളുടെയും ചിന്താഗതി മാറ്റാനായി മതസൗഹാർദ്ദ ചർച്ചകൾ നടത്തും.
- ഗാസയുടെ പുനർവികസനം മുന്നോട്ടു പോകുകയും പലസ്തീൻ അതോറിറ്റിയുടെ പരിഷ്‌കരണ പരിപാടി നടപ്പാക്കുകയും ചെയ്യുമ്പോൾ, ആ ജനതയുടെ അഭിലാഷമായി നാം അംഗീകരിക്കുന്ന പലസ്തീനു സ്വയം നിർണയത്തിനും രാഷ്ട്ര പദവിക്കുമുള്ള സാഹചര്യങ്ങൾ നിലനിൽക്കും.
- സമാധാനപരവും സമൃദ്ധവുമായ സഹവർത്തിത്വം സംബന്ധിച്ച് ധാരണയിലെത്തുന്നതിനായി ഇസ്രയേലും പലസ്തീനും തമ്മിൽ ചർച്ച തുടങ്ങാൻ യുഎസ് നടപടി സ്വീകരിക്കും.
അതേസമയം, നിലവിലും ഇസ്രായേൽ സൈന്യം ഗാസ സിറ്റിയിലേക്ക് കൂടുതൽ മുന്നേറുകയാണ്. 2023 ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തിന് ശേഷം ആരംഭിച്ച ഈ സൈനിക നടപടിയിൽ 66,000ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു. ആശുപത്രികളിലും മറ്റുമുള്ള കണക്കുകൾ മാത്രമാണിത്. യഥാർത്ഥ മരണസംഖ്യ ഇതിന്റെ പല ഇരട്ടിയാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
ഇസ്രായേൽ നിലപാട്, മധ്യസ്ഥ ചർച്ചകൾ
അതിനിടെ, ഇസ്രായേൽ സൈന്യം ഗാസയിൽ വിതരണം ചെയ്ത ലഘുലേഖകളിൽ ഇപ്രകാരം പറയുന്നു: ‘ഹമാസിനെതിരായ യുദ്ധം നിർണ്ണായകമാണ്, അവർ പരാജയപ്പെടുന്നത് വരെ അത് അവസാനിക്കില്ല.’
തുർക്കിയുടെ രഹസ്യാന്വേഷണ വിഭാഗം മേധാവി ഖത്തറിലെയും ഈജിപ്തിലെയും മധ്യസ്ഥരുമായി ദോഹയിൽ ചർച്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആദ്യം ട്രംപിന്റെ പദ്ധതിയെ പിന്തുണച്ചെങ്കിലും, പലസ്തീന് രാഷ്ട്രപദവി നൽകുന്നതിനെക്കുറിച്ച് പിന്നീട് സംശയം പ്രകടിപ്പിച്ചു. എങ്കിലും, യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേലികളിൽ നിന്ന് അദ്ദേഹത്തിന് മേൽ കടുത്ത സമ്മർദ്ദമുണ്ട്. ഇസ്രായേലി ബന്ദികളെ വിട്ടുകിട്ടുന്നതിന് നെതന്യാഹു പ്രഥമ പരിഗണന നൽകേണ്ടിയും വരുന്നു.
ഹമാസിന് സമയപരിധി
ഗാസയിലെ സമാധാന പദ്ധതി അംഗീകരിക്കാൻ ഹമാസിന് ട്രംപ് മൂന്നോ നാലോ ദിവസത്തെ സമയപരിധി നൽകിയിട്ടുണ്ട്. പദ്ധതി അംഗീകരിച്ചില്ലെങ്കിൽ ‘വളരെ ദുഃഖകരമായ അന്ത്യം’ ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. വെടിനിർത്തൽ, തടവുകാരെ കൈമാറൽ, ഹമാസിന്റെ നിരായുധീകരണം എന്നിവ ഉൾപ്പെടുന്ന 20 ഇന പദ്ധതി ഖത്തറും ഈജിപ്തുമാണ് ഹമാസിന് കൈമാറിയത്. ചൊവ്വാഴ്ചയാണ് ട്രംപ് ഈ സമയപരിധി പ്രഖ്യാപിച്ചത്. ഇസ്രായേൽ, അറബ് നേതാക്കൾ ഇതിനകം പദ്ധതി അംഗീകരിച്ചെന്നും താൻ ഹമാസിനായുള്ള മറുപടിക്കായി കാത്തിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. പദ്ധതിയെക്കുറിച്ച് കൂടുതൽ ചർച്ചകൾക്ക് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന്, അത്തരം സാധ്യതകൾ കുറവാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Arab countries support Trump’s peace plan: Pressure mounts on Hamas