അന്താരാഷ്ട്ര ബഹിരാകാശ കോണ്‍ഗ്രസില്‍ ശ്രദ്ധേയമായി ആരോമല്‍ സുജിത്തിന്റെ ഗവേഷണം

അന്താരാഷ്ട്ര ബഹിരാകാശ കോണ്‍ഗ്രസില്‍ ശ്രദ്ധേയമായി ആരോമല്‍ സുജിത്തിന്റെ ഗവേഷണം

സിഡ്‌നി: എഴുപത്തിയാറാം ഇന്റര്‍നാഷണല്‍ ആസ്‌ട്രോണോട്ടിക്കല്‍ കോണ്‍ഗ്രസില്‍ (ഐഎസി 2025) മുഖ്യ അവതാരകനായി രംഗത്തെത്തിയത് ഇരുപത്തിയാറുകാരനായ മലയാളി യുവാവ്. ആഗോള ബഹിരാകാശ, സൈബര്‍ സുരക്ഷാരംഗത്ത് ശ്രദ്ധേയമായ പഠനമാണ് ആരോമല്‍ സുജിത്ത് ഐഎസി 2025ല്‍ അവതരിപ്പിച്ചത്. ഐഎസി 2025ലെ അഞ്ചാം സെഷനായ, വിജയകരമായ ബഹിരാകാശ പ്രതിരോധ പരിപാടികള്‍ക്ക് തന്ത്രപരമായ റിസ്‌ക് മാനേജ്‌മെന്റില്‍ ഇ9- ബഹിരാകാശ പ്രവര്‍ത്തനങ്ങളുടെ സുരക്ഷ, സ്ഥിരത, സുസ്ഥിരത എന്നിവയെക്കുറിച്ചുള്ള സിംപോസിയത്തിലാണ് ആരോമല്‍ സുജിത്ത് ‘ആധുനിക നിരീക്ഷണത്തിലെ സ്ട്രാറ്റോസ്ഫെറിക് ബലൂണുകള്‍: ദേശീയ സുരക്ഷയുമായി ബന്ധപ്പെടുത്തുന്ന നവീകരണത്തില്‍ താരതമ്യ വിശകലനം’ എന്ന പ്രബന്ധം അവതരിപ്പിച്ചത്.

ഭൂമിയുടെ അന്തരീക്ഷത്തിന്റെയും ബഹിരാകാശത്തിന്റെയും അതിരുകളില്‍ പ്രവര്‍ത്തിക്കുന്ന സ്ട്രാറ്റോസ്ഫെറിക് ബലൂണുകള്‍ എങ്ങനെ ആധുനിക ഇന്റലിജന്‍സ്, സര്‍വെയ്‌ലന്‍സ്, റിക്കോണസന്‍സ് (ഐഎസ്ആര്‍) രംഗത്തെ മാതൃക മാറ്റുകയാണെന്നാണ് ആരോമല്‍ സുജിത്തിന്റെ പ്രബന്ധം പരിശോധിക്കുന്നത്. ഉപഗ്രഹങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചെലവില്‍ ദീര്‍ഘകാല നിരീക്ഷണം സാധ്യമാക്കുന്ന ഈ സാധ്യത സൈബര്‍ സുരക്ഷ, വ്യോമമേഖലാവകാശം, നിയമപരമായ അനിശ്ചിതത്വം എന്നിവയുമായി ബന്ധപ്പെട്ട പുതിയ വെല്ലുവിളികളും ഉയര്‍ത്തുന്നു.

സൈബര്‍ സുരക്ഷയും ബഹിരാകാശ സുരക്ഷയും ഒരുമിപ്പിക്കുന്ന സമീപനമാണ് ആരോമലിന്റെ ഗവേഷണത്തെ വ്യത്യസ്തമാക്കുന്നത്. സൈബര്‍ സെക്യൂരിറ്റിയിലെ സ്‌പെഷ്യലൈസ്ഡ് മേഖലകളായ ഇന്‍സിഡന്റ് റെസ്‌പോണ്‍സ്, നെറ്റ്‌വര്‍ക്ക് സെക്യൂരിറ്റി, സൈബര്‍ ത്രട്ട് ഇന്റലിജന്‍സ് എന്നീ മേഖലകളിലെ തന്റെ അനുഭവങ്ങള്‍ ഉപയോഗിച്ചാണ് അദ്ദേഹം ബലൂണ്‍ അടിസ്ഥാനമാക്കിയ ഐഎസ്ആര്‍ ഭീഷണികളെ കണ്ടെത്താനും തടയാനും നിയമപരമായി പ്രതിരോധിക്കാനും സഹായിക്കുന്ന ‘ആരോ മോഡല്‍’ എന്ന റിസ്‌ക് മാനേജ്‌മെന്റ് ഘടന വികസിപ്പിച്ചത്. കേരള സ്റ്റേറ്റ് ആര്‍ച്ചറി അസോസിയേഷനുമായി പത്ത് വര്‍ഷത്തിലേറെ ബന്ധമുള്ളതിനാലാണ് മോഡലിന് ‘ആരോ’ എന്ന പേര് നല്‍കിയത്. സൈബര്‍ ഡിസ്‌റപ്ഷന്‍, ജാമിംഗ്, ഡേറ്റാ ഇന്റര്‍സെപ്ഷന്‍ പ്രതിരോധം തുടങ്ങിയവ മുതല്‍ കൈനെറ്റിക് ന്യൂട്രലൈസേഷന്‍, ഇന്റര്‍സെപ്ഷന്‍ തുടങ്ങിയവ വരെയുള്ള തന്ത്രങ്ങളാണ് ഈ പഠനം ഉള്‍ക്കൊള്ളുന്നത്. സാങ്കേതിക ഭാഗങ്ങള്‍ക്കപ്പുറം ആഗോള നിയമപ്രമാണങ്ങളില്‍ ഇപ്പോഴും വ്യക്തതയില്ലാത്ത ഉയരത്തിലുള്ള നിരീക്ഷണത്തിന്റെ അന്താരാഷ്ട്ര നിയമപരമായ ഗ്രേ സോണുകളും ഈ പ്രബന്ധം വിശദീകരിക്കുന്നു.

ഐഎസി 2025ലെ വിദഗ്ധര്‍ ആരോമലിന്റെ പ്രബന്ധത്തെ ഗഹനവും വിശകലനാത്മകവും ദൂരദര്‍ശനപരമായ സമീപനത്തിന്റെയും മാതൃകയെന്ന നിലയില്‍ പ്രശംസിച്ചു. സൈബര്‍ സുരക്ഷ, ബഹിരാകാശ സാങ്കേതികവിദ്യ, അന്താരാഷ്ട്ര നിയമം എന്നിവ തമ്മില്‍ ബന്ധിപ്പിച്ച് ആഗോള സുരക്ഷയുടെ ഭാവി നിര്‍മ്മിക്കുന്ന പുതിയ തലമുറയിലെ ഗവേഷകരെയാണ് പ്രതിനിധീകരിക്കുന്നതെന്നും വിലയിരുത്തലുണ്ടായി.

പെരുമ്പാവൂരിലെ പരേതനായ എസ് ആര്‍ സുജിത്തിന്റേയും പെരുമ്പാവൂര്‍ മുന്‍സിപ്പല്‍ മുന്‍ കൗണ്‍സിലര്‍ ബിജി എസ് സദാശിവന്റേയും മകനാണ് ആരോമല്‍ സുജിത്ത്. എസ് സി എം എസ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗില്‍ നിന്നും ബിരുദം നേടിയ ആരോമലിന് പഠന സമയത്ത് തന്നെ ഫ്രാന്‍സിലെ ലിയോണ്‍ ആസ്ഥാനമായ ഇന്റര്‍പോളില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിരുന്നു. തുടര്‍ന്ന് യു എസ് ന്യൂസ് ആന്റ് വേള്‍ഡ് റിപ്പോര്‍ട്ട് പ്രകാരം ഉയര്‍ന്ന നിലവാരമുള്ള കാര്‍ണെഗി മെല്ലണ്‍ യൂണിവേഴ്‌സിറ്റിയില്‍ സൈബര്‍ ഫോറന്‍സിക്‌സും ഇന്‍സിഡന്റ് റെസ്‌പോണ്‍സും വിഷയങ്ങളില്‍ സ്‌പെഷ്യലൈസേഷനോടു കൂടി ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റിയില്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് ബിരുദം നേടി. നിലവില്‍ വാഷിങ്ടണ്‍ ഡി സിയിലാണ് ആരോമല്‍ താമസിക്കുന്നത്.

Aromal Sujith’s research highlighted at the International Space Congress

Share Email
More Articles
Top