തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നു. വെള്ളിയാഴ്ച വരെ നിശ്ചയിച്ചിരുന്ന സമ്മേളനം വ്യാഴാഴ്ച അവസാനിപ്പിക്കാനാണ് നീക്കം. സ്വർണപ്പാളി വിവാദത്തിൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്നു നിയമസഭാ നടപടികൾ തുടർച്ചയായി സ്തംഭിക്കുന്നതിനു പിന്നാലെയാണ് നീക്കം.
വെള്ളിയാഴ്ച പരിഗണിക്കേണ്ട ബില്ലുകൾ വ്യാഴാഴ്ച പാസാക്കാനാണ് സാധ്യത. നിയമനിർമാണ പ്രക്രിയകൾ പൂർത്തിയാക്കികൊണ്ട് വ്യാഴാഴ്ച തന്നെ സഭാ സമ്മേളനം അവസാനിപ്പിക്കാനാണ് ധാരണ. അതേസമയം ശബരിമല സ്വർണക്കവർച്ചയിൽ നിയമസഭയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. മന്ത്രിമാർ ഉൾപ്പെടെ ഭരണപ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങിയതോടെ അസാധാരണ സംഭവങ്ങൾക്ക് സഭ വേദിയായി.
അതിനിടെ, മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തും, വെള്ളിയാഴ്ച ആഭ്യന്തര മന്ത്രി അമിത് ഷായെയും മുഖ്യമന്ത്രി കാണും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ചയ്ക്കു ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചിട്ടില്ല. പ്രധാനമന്ത്രി മുംബൈയിലാണുള്ളത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുമായി പ്രധാനമന്ത്രി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തുന്നതിനാൽ വെള്ളിയാഴ്ചയോ മറ്റൊരു ദിവസമോ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു സമയം അനുവദിക്കാനാണു സാധ്യത.
മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി ജയതിലക് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.
വയനാടിനുള്ള കേന്ദ്ര സഹായം വർദ്ധിപ്പിക്കൽ, എയിംസ്, ജി.എസ്.ടി പരിഷ്‌കാരം തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാനത്തിന്റെ നിലപാട് ഇരുവരെയും മുഖ്യമന്ത്രി അറിയിക്കുമെന്നാണ് വിവരം. ഉരുൾ പൊട്ടൽ ദുരന്തം വിതച്ച വയനാടിന്റെ പുനർനിർമ്മാണത്തിന് കേന്ദ്രം ഒക്ടോബർ ഒന്നിന് പ്രഖ്യാപിച്ച കേന്ദ്ര സഹായം പര്യാപ്തമല്ലെന്ന് കേരളം അറിയിക്കും. വയനാടിനായി 2221 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അമിത് ഷാ തലവനായുള്ള ഉന്നതാധികാര സമിതി 260.56 കോടി രൂപയാണ് ദേശീയ ദുരന്ത ലഘൂകരണ നിധിയിൽ നിന്ന് അനുവദിച്ചത്.
Assembly session cut short; Chief Minister Pinarayi Vijayan to Delhi to meet Prime Minister











