അല്‍ഹസ ( സിറിയ): സിറിയയില്‍ വീണ്ടും ഐഎസ് ഭീകരവാദികള്‍ ശക്തിപ്രാപിക്കുന്നു. ഏറെക്കാലമായി നിര്‍ജീവ അവസ്ഥയിലായിരുന്ന ഐഎസ് പുനസ്ഥാപിക്കുന്നതിനുള്ള നീക്കങ്ങള്‍ സജീവമാക്കിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
സിറിയയുടെ ദീര്‍ഘകാല ഭരണാധികാരിയായ ബാഷര്‍ അല്‍ അസദിനെ പുറത്താക്കിയതിനെ തുടര്‍ന്നുണ്ടായ അരക്ഷിതാവസ്ഥയും ഐഎസ് ആയുധമാക്കിയതായി കുര്‍ദിഷ് അധികൃതര്‍ പറയുന്നു. സംഘടനയിലേക്ക് കൂടുതല്‍ ആളുകളെ റിക്രൂട്ട് ചെയ്യുന്നതായും ആക്രമണങ്ങള്‍ വര്‍ധിപ്പിക്കുന്നതായും ബിബിസി വ്യക്തമാക്കി.
അസദ് ഭരണകൂടം വീണതിന് പിന്നാലെ സൈനീക കേന്ദ്രങ്ങള്‍ ഐഎസ് ഭീകരവാദികള്‍ കൊള്ളയടിച്ചിരുന്നു. ഇത്തരത്തില്‍ ആയുധങ്ങള്‍ സംഭരിച്ച് ശക്തി വര്‍ധിച്ചതോടെ ഒളിപ്പോരാക്രമണങ്ങള്‍ക്ക് പുറമെ സുരക്ഷാസേനകളുടെ ചെക്ക്‌പോസ്റ്റുകള്‍ക്ക് നേരെയും കുഴിബോംബുകള്‍ സ്ഥാപിച്ചും ആക്രമണത്തിന്റെ രീതി മാറ്റി. ഐഎസിന്റെ ആക്രമണങ്ങള്‍ പത്തിരട്ടിയോളം വര്‍ധിച്ചതായി കുര്‍ദിഷ് മേഖല നിയന്ത്രിക്കുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസിന്റെ (എസ്ഡിഎഫ്) നട്ടെല്ലായ പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റ്‌സ് (വൈപിജി) വക്താവ് സിയാമന്ത് അലി അറിയിച്ചു.
ഐഎസ് ബന്ധം സംശയിക്കുന്നവരെ കൊണ്ട് കുര്‍ദിഷ് മേഖലയിലെ ജയിലുകള്‍ നിറഞ്ഞുതുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്കുകിഴക്കന്‍ സിറിയയിലെ ജയിലുകളില്‍ 48 രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 8,000 പേരെയാണ് വര്‍ഷങ്ങളായി തടവിലാക്കിയിരിക്കുന്നത്. ഇവരെ വിചാരണ ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്തിട്ടില്ല. ഇവര്‍ക്കുപുറമെ ഏകദേശം 34,000 ഐഎസ് കുടുംബാംഗങ്ങളെയും കുര്‍ദുകള്‍ തടവിലാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
BBC report: ISIS terrorists are gaining ground again in Syria











