ന്യൂഡൽഹി: ‘ഒരു രാഷ്ട്രം ഒരു പോലീസ് യൂണിഫോം’ (One Nation One Police Uniform) എന്ന ലക്ഷ്യത്തോടെ പദ്ധതിയുടെ ഭാഗമായി സംസ്ഥാനങ്ങളുടെ നിർദ്ദേശങ്ങൾ തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നവംബർ നാലിനകം വിവരങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡിഷ, പശ്ചിമബംഗാൾ ഉൾപ്പെടെ 17 സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തയച്ചു.
പോലീസ് യൂണിഫോമുകളുടെ ഗുണനിലവാരം, രൂപകല്പന, നിലവിലെ വില എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് കേന്ദ്രം പ്രധാനമായും അന്വേഷിക്കുന്നത്. കൂടാതെ, സംസ്ഥാനങ്ങൾ നിലവിൽ അനുവദിക്കുന്ന വാർഷിക യൂണിഫോം അലവൻസ്, റാങ്ക് തിരിച്ചുള്ള തുക, ഒരു ജോഡി യൂണിഫോമിൻ്റെ ഏകദേശവില തുടങ്ങിയ വിശദാംശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരാഞ്ഞിട്ടുണ്ട്.
എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ യൂണിഫോം രൂപകൽപ്പന ചെയ്യാനുള്ള ചുമതല ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെൻ്റ് (BPR&D)നാണ്. യൂണിഫോമിൻ്റെ തുണി, നിറം, ചിഹ്നം, ചെലവ് എന്നിവയെക്കുറിച്ച് ബി പി ആർ ആൻഡ് ഡി വിശദമായ പഠനം നടത്തും.
പ്രധാനമന്ത്രിയുടെ ആശയം
2022-ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പൊതു പോലീസ് യൂണിഫോം എന്ന ആശയം മുന്നോട്ടുവെച്ചത്. ‘ഒരു രാജ്യം, ഒരു റേഷൻ കാർഡ്’, ‘ഒരു രാജ്യം, ഒരു മൊബിലിറ്റി കാർഡ്’, ‘ഒരു രാജ്യം, ഒരു ഗ്രിഡ്’, ‘ഒരു രാജ്യം, ഒരു ആംഗ്യ ഭാഷ’ തുടങ്ങിയ പദ്ധതികൾ രാജ്യത്ത് നിലവിലുണ്ട്. “ഇതുപോലെ എല്ലാ സംസ്ഥാനങ്ങളും ‘ഒരു രാജ്യം, ഒരു പോലീസ് യൂണിഫോം’ എന്ന ആശയത്തെക്കുറിച്ച് ചിന്തിക്കണം” എന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്. ദേശീയതലത്തിൽ പോലീസിന് പൊതുവായ ഒരൊറ്റ തിരിച്ചറിയൽ സാധ്യമാക്കുകയാണ് ഈ ആശയത്തിന് പിന്നിലെ പ്രധാന ലക്ഷ്യം.
Central Government Seeks Input from States on ‘One Nation One Police Uniform’ Initiative











