കേരളത്തിൽ ഭരണമാറ്റം അനിവാര്യം: അപു ജോൺ ജോസഫ്

കേരളത്തിൽ ഭരണമാറ്റം അനിവാര്യം: അപു ജോൺ ജോസഫ്

കേരള രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയനാണ് കേരളാ കോൺഗ്രസ് സംസ്ഥാന കോഓർഡിനേറ്ററും മുൻമന്ത്രി പി.ജെ. ജോസഫിന്റെ മകനുമായ അപു ജോൺ ജോസഫ്. ചിക്കാഗോയിൽ നടത്തിയ പ്രതികരണത്തിൽ, കേരളത്തിൽ ഭരണമാറ്റം ഉണ്ടാകുമെന്ന ഉറച്ച വിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ.ഡി.എഫ്) നേടിയ തുടർഭരണത്തെക്കുറിച്ചുള്ള വിലയിരുത്തലുകളും നിലവിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും അദ്ദേഹം പങ്കുവെച്ചു.

കഴിഞ്ഞ ഭരണവും ജനവിധിയും

ഒന്നാം പിണറായി സർക്കാരിന്റെ കാലഘട്ടത്തിൽ പ്രതിപക്ഷം (യു.ഡി.എഫ്.) നിരവധി പ്രശ്‌നങ്ങൾ ഉയർത്തുകയും സമരങ്ങൾ നടത്തുകയും ചെയ്‌തെങ്കിലും അത് ഫലം കണ്ടില്ലെന്ന് അപു ജോൺ ജോസഫ് അഭിപ്രായപ്പെട്ടു. അവസാനത്തെ ആറു മാസക്കാലം എൽ.ഡി.എഫ്. സർക്കാർ നൽകിയ വാഗ്ദാനങ്ങളുടെ പെരുമഴയും കിറ്റുകളും രണ്ടാം തവണയും ഭരണത്തിൽ വരാൻ സർക്കാരിനെ സഹായിച്ചു. എന്നാൽ, അന്ന് നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടോ എന്ന് വിലയിരുത്തേണ്ടത് അത്യാവശ്യമാണെന്നും, എല്ലാക്കാലത്തും ജനങ്ങളെ കബളിപ്പിക്കാൻ സാധിക്കുമോ എന്നും അദ്ദേഹം ചോദ്യമുയർത്തുന്നു. മുൻപ് യു.ഡി.എഫ്. നടത്തിയ സമരങ്ങൾ സാധാരണജനങ്ങളിൽ സ്വാധീനം ചെലുത്താതിരുന്നതിന്റെ പ്രധാന കാരണം, ജീവിതപ്രശ്നങ്ങൾക്ക് ആര് പരിഹാരം കാണുന്നു എന്ന ചിന്താഗതിയായിരുന്നു. അടുത്ത തിരഞ്ഞെടുപ്പിന് അധികം നാളില്ലാത്തതിനാൽ, ജനങ്ങളെ കബളിപ്പിക്കാൻ ധാരാളം ‘മാജിക്കുകൾ’ പ്രതീക്ഷിക്കാമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നു.

നിലവിൽ സാധാരണ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കറന്റ് ചാർജ്, വെള്ളക്കരം, ഭൂനികുതി എന്നിവയിലെല്ലാം ഉണ്ടായിട്ടുള്ള അതിഭയങ്കരമായ ചാർജ് വർദ്ധന ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, യു.ഡി.എഫ്. പ്രവർത്തകർ വീടുകൾ കയറിയുള്ള ജനസമ്പർക്ക പരിപാടികളും ബോധവത്കരണവുമാണ് നടത്തേണ്ടതെന്നും അദ്ദേഹം നിർദ്ദേശിച്ചു.

അടുത്ത തിരഞ്ഞെടുപ്പിൽ തൊടുപുഴയിൽ സ്ഥാനാർത്ഥിയാകുമോ എന്ന ചോദ്യത്തിന് മറുപടി നൽകവെ, അക്കാര്യം പാർട്ടി നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും താൻ നിലവിൽ പാർട്ടി പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ നിർവഹിക്കാറുണ്ട്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആസന്നമായതിനാൽ, വാർഡ് അടിസ്ഥാനത്തിലുള്ള കുടുംബയോഗങ്ങളിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കോൺഗ്രസ് പാർട്ടിയിലെ മുഖ്യമന്ത്രി തർക്കം യു.ഡി.എഫിന്റെ വിജയസാധ്യതയെ ബാധിക്കുമോ എന്ന ചോദ്യത്തിന്, കോൺഗ്രസ് ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അവിടെ നാലോ അഞ്ചോ പേർ മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ളവരുണ്ട്. അതിനെ പോസിറ്റീവായി കാണുന്നത് ഒരു തെറ്റല്ല. ബി.ജെ.പിയിലോ സി.പി.എമ്മിലോ ഒരാളുടെ പേരൊഴികെ വേറെ ആരുടെയെങ്കിലും പേര് പറയുവാൻ സാധിക്കുമോ എന്ന ചോദ്യമുയർത്തി അദ്ദേഹം ജനാധിപത്യ പാർട്ടിയും മറ്റ് കക്ഷികളും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടി. ഇപ്പോൾ എൽ.ഡി.എഫിലെ ഘടകകക്ഷികൾ പോലും പരസ്യമായി അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞുതുടങ്ങിയിട്ടുണ്ട് എന്ന വസ്തുതയും അദ്ദേഹം എടുത്തുപറഞ്ഞു.

രാഷ്ട്രീയ നേതാക്കന്മാരെ ഫോണിൽ വിളിച്ചാൽ കിട്ടാറില്ല എന്ന പൊതുപരാതിയെക്കുറിച്ചുള്ള ചോദ്യത്തിന്, താൻ തിരക്കിലാണെങ്കിൽ ഫോൺ എടുക്കാറില്ലെങ്കിലും, മിസ്ഡ് കോൾ നോക്കി തിരിച്ചു വിളിക്കാറുണ്ട് എന്ന നിലപാട് അദ്ദേഹം വ്യക്തമാക്കി. എന്തെങ്കിലും സഹായത്തിനോ പ്രശ്‌നപരിഹാരത്തിനോ വേണ്ടിയായിരിക്കും ജനങ്ങൾ ബന്ധപ്പെടുവാൻ ശ്രമിക്കുന്നത്. ഇതിനെ എല്ലാ നേതാക്കന്മാരും പോസിറ്റീവായി കാണണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുവജന കുടിയേറ്റം, കാർഷിക-വിദ്യാഭ്യാസ മേഖല

മെച്ചപ്പെട്ട ജീവിതമാർഗ്ഗം തേടി യുവജനങ്ങൾ വിദേശത്തേക്ക് കുടിയേറുന്നതിനെക്കുറിച്ചുള്ള പ്രതികരണം ഗൗരവതരമായിരുന്നു. പല നിയോജകമണ്ഡലങ്ങളിലെയും വീടുകൾ ശൂന്യമാണ്. വിദേശത്തേക്കുള്ള ഈ കുടിയേറ്റം ജനാധിപത്യ പാർട്ടികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കൂടുതൽ ജീവിതസൗകര്യങ്ങൾ തേടാൻ ഓരോരുത്തർക്കും പൂർണ്ണമായ സ്വാതന്ത്ര്യമുണ്ട്. എന്നാൽ, യുവജനങ്ങളെ ഇവിടെത്തന്നെ നിലനിർത്താൻ ജീവിതസൗകര്യങ്ങളും പദ്ധതികളും കൊണ്ടുവരേണ്ടത് സർക്കാരിന്റെ ചുമതലയാണ്. യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നാൽ മാറ്റങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി. പി.ജെ. ജോസഫ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ പ്ലസ്‌ടു, സ്വാശ്രയ സംവിധാനങ്ങൾ വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവന്നത് വലിയ മാറ്റങ്ങൾക്ക് ഇടയാക്കിയെന്നും അന്നത്തെ സർക്കാരിൽ വലിയ സമ്മർദ്ദം ചെലുത്തിയാണ് അത് നടപ്പിലാക്കിയതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കാർഷിക മേഖലയെ ഗുണകരമായി പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, മാധ്യമങ്ങൾക്ക് ഇക്കാര്യത്തിൽ വളരെയധികം ചെയ്യാനുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാർഷിക രംഗത്ത് വിജയക്കൊടി പാറിച്ച നിരവധി ചെറുപ്പക്കാരുടെ കഥകൾ പോസിറ്റീവായി അവതരിപ്പിക്കാൻ പലപ്പോഴും കഴിയാറില്ല. കൃഷിക്കാരനെ ഒരു സംരംഭകനാക്കി മാറ്റണം. ഒന്നിലധികം ആളുകൾ ഒരുമിച്ചു ചേർന്ന് ചെറിയ ചെറിയ കുടിൽ വ്യവസായങ്ങൾ ആരംഭിക്കണം. വിവിധ തരത്തിലുള്ള ഉത്പന്നങ്ങളെ വ്യത്യസ്ത രീതികളിൽ പ്രയോജനപ്പെടുത്തുവാൻ സാധിക്കും. ഒരു കർഷക മനസ്സിന്റെ ഉടമയായ തനിക്ക് കാർഷിക മേഖലയുടെ വികസനം എപ്പോഴും ഒരു ആവേശമാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, പ്രീപ്രൈമറി വിദ്യാഭ്യാസ രംഗത്ത് നമ്മൾ വളരെ കുറച്ച് പണമാണ് മുടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശത്തെ സ്കൂളുകളിൽ ചെറുപ്രായത്തിൽ തന്നെ പൗരബോധം വളർത്തുന്ന കാര്യങ്ങളും ജീവിതത്തിൽ ചെയ്യേണ്ട അടിസ്ഥാനപരമായ കാര്യങ്ങളും കുട്ടികളെ പഠിപ്പിക്കുന്നു. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ എന്തു ചെയ്യണമെന്ന് അവർക്കറിയാം. നമ്മുടെ വിദ്യാഭ്യാസ രംഗത്തും മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വിദേശ മലയാളികളോടുള്ള സന്ദേശം എന്ന നിലയിൽ, മക്കളൊക്കെ പ്രായമായി സ്വന്തം കാലിൽ നിൽക്കാറാകുമ്പോൾ നാട്ടിലേക്ക് മടങ്ങിവരണം എന്നാണ് തന്റെ അഭിപ്രായമെന്ന് അപു ജോൺ ജോസഫ് പറഞ്ഞു. യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വരുമ്പോൾ വളരെയധികം മാറ്റങ്ങൾ ഉണ്ടാകുമെന്നും ‘നിങ്ങളോടൊപ്പം ഞങ്ങളും ഉണ്ടായിരിക്കും’ എന്നും അദ്ദേഹം പ്രവാസികൾക്ക് ഉറപ്പുനൽകി.

Change of government is inevitable in Kerala: Apu John Joseph

Share Email
LATEST
Top