ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2025-27 കാലഘട്ടത്തിലേക്കുള്ള പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും അറുപത്തിയൊമ്പതാമത് കേരളപ്പിറവി ആഘോഷവും ഒക്ടോബർ 31-ന് നടക്കും. മോർട്ടൻ ഗ്രോവിലെ സെന്റ് മേരീസ് ക്‌നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ വൈകുന്നേരം 7.30-നാണ് ചടങ്ങുകൾ ആരംഭിക്കുക.
കഴിഞ്ഞ 53 വർഷമായി ഷിക്കാഗോയിൽ പ്രവർത്തിക്കുന്നതും നോർത്ത് അമേരിക്കയിലെ തന്നെ ഏറ്റവും പുരാതനമായ സംഘടനകളിൽ ഒന്നുമായ ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രവർത്തന മികവുകൊണ്ടും അംഗബലം കൊണ്ടും മലയാളി സംഘടനകളുടെ ഇടയിൽ ശ്രദ്ധേയമായ സ്ഥാനമുയർത്തി നിൽക്കുന്നു.
സംഘടനയുടെ അടുത്ത രണ്ട് വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്ക് മുൻ പ്രസിഡന്റുമാർ ചേർന്ന് ഔപചാരികമായി തുടക്കം കുറിക്കും. അതോടൊപ്പം അറുപത്തിയൊമ്പതാമത് കേരളപ്പിറവി ആഘോഷങ്ങൾ ഷിക്കാഗോ സീറോ മലബാർ സഭാ പിതാവ് മാർ ജോയി ആലപ്പാട്ട് നിർവഹിക്കും.
തുടർന്ന്, സാറാ അനിലിന്റെ നേതൃത്വത്തിലുള്ള ‘ഷിക്കാഗോ മണവാളൻസ്’ ഗ്രൂപ്പിന്റെ കലാപരിപാടികൾ അരങ്ങേറും. പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
Chicago Malayali Association to inaugurate new governing body and celebrate Kerala Piravi on October 31













