കോഴിക്കോട്: അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരെ സംഘർഷം; 13 വാഹനങ്ങൾ കത്തിനശിച്ചു, നിരവധി പേർക്ക് പരിക്ക്
കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരായ നാട്ടുകാരുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. ഫാക്ടറിക്ക് മുന്നിലുണ്ടായ സംഘർഷത്തിൽ പതിമൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫാക്ടറിയിലെ തീ പൂർണമായി അണച്ചത്. മുക്കം, നരിക്കുനി ഫയർഫോഴ്‌സ് യൂണിറ്റുകൾ ചേർന്നാണ് തീയണച്ചത്. ആറ് വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു. ഒമ്പത് ലോറികൾ, ഒരു ഓട്ടോറിക്ഷ, മൂന്ന് ബൈക്കുകൾ എന്നിവയാണ് കത്തിനശിച്ചത്. മൂന്ന് ലോറികൾ പ്രതിഷേധക്കാർ തല്ലിത്തകർത്തതായും വിവരമുണ്ട്.
സംഘർഷത്തിൽ കോഴിക്കോട് റൂറൽ എസ്.പി ഉൾപ്പെടെ 16 പോലീസ് ഉദ്യോഗസ്ഥർക്കും 27 സമരക്കാർക്കും പരിക്കേറ്റു. കല്ലേറിലാണ് കൂടുതൽ പേർക്കും പരിക്കേറ്റത്. പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലേറിൽ താമരശ്ശേരി എസ്.എച്ച്.ഒ ഉൾപ്പെടെയുള്ള പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
പ്രതിഷേധക്കാർക്കുനേരെ പോലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. സ്ത്രീകളടക്കമുള്ളവരാണ് സ്ഥലത്ത് പ്രതിഷേധിച്ചത്. എന്നിട്ടും പിരിഞ്ഞുപോകാതിരുന്ന പ്രതിഷേധക്കാർ പ്രകോപിതരായി ഫാക്ടറിക്ക് തീയിടുകയായിരുന്നു. തീ അണയ്ക്കാൻ എത്തിയ ഫയർഫോഴ്‌സ് വാഹനങ്ങളെ സമരക്കാർ വഴിയിൽ തടഞ്ഞു.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് എന്നിവയുടെ ആഹ്വാനപ്രകാരം ഓമശ്ശേരി, താമരശ്ശേരി, കോടഞ്ചേരി, കൊടുവള്ളി പഞ്ചായത്തുകളിലെ 11 വാർഡുകളിൽ നാളെ ഭാഗിക ഹർത്താലിന് ആഹ്വാനം ചെയ്തു. ഓമശ്ശേരി പഞ്ചായത്തിലെ വെളിമണ്ണ, കൂടത്തായി, ചക്കിക്കാവ്, താമരശ്ശേരി പഞ്ചായത്തിലെ വെഴുപ്പൂർ, കുടുക്കിലുമ്മാരം, കരിങ്ങമണ്ണ, അണ്ടോണ, കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവ് കരിമ്പാലക്കുന്ന്, കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ പൊയിലങ്ങാടി, ഓർങ്ങാട്ടൂർ, മാനിപ്പുരം എന്നീ വാർഡുകളിലാണ് ഹർത്താൽ.
താമരശ്ശേരി അമ്പായത്തോടിലെ ഫ്രഷ് കട്ട് ഫാക്ടറിക്കെതിരെ നാട്ടുകാർ ഏറെനാളായി സമരത്തിലാണ്. ഇവിടെ നിന്നുണ്ടാകുന്ന ദുർഗന്ധം മൂന്ന് പഞ്ചായത്തുകളിലെ ജനജീവിതം ദുസ്സഹമാക്കുന്നുവെന്നാണ് പരാതി. ഫാക്ടറി പൂർണമായി അടച്ചുപൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രതിഷേധം ഇത്രയും വലിയ സംഘർഷത്തിലേക്ക് എത്തുന്നത് ഇത് ആദ്യമായാണ്. റൂറൽ എസ്.പി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
Clashes erupt over slaughterhouse waste treatment center in Thamarassery, Kozhikode; 13 vehicles burnt, several injured