അയ്യപ്പസംഗമത്തിന് എട്ടുകോടി ചെലവ് എന്നത് കമ്മിഷന്‍ ചേര്‍ത്ത്; ചെലവിന്റെ വിശദാംശങ്ങള്‍ പുറത്തു വിടണമെന്ന് ചെന്നിത്തല

അയ്യപ്പസംഗമത്തിന് എട്ടുകോടി ചെലവ് എന്നത് കമ്മിഷന്‍ ചേര്‍ത്ത്; ചെലവിന്റെ വിശദാംശങ്ങള്‍ പുറത്തു വിടണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന് ചെലവായി എന്നു പറയുന്ന എട്ടുകോടി രൂപ കമ്മിഷന്‍ കൂടി ചേര്‍ത്ത തുകയാണെന്നും ചെലവിന്റെ വിശദാംശങ്ങള്‍ അടിയന്തിരമായി പുറത്തു വിടണമെന്നും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഒറ്റ ദിവസത്തെ ഒരു പരിപാടിക്ക് എട്ടുകോടി രൂപ ചിലവായതിന്റെ ലോജിക്ക് പിടി കിട്ടുന്നില്ല. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തു വിടണം. ഇത്ര ഭീമമായ തുക ഒറ്റദിവസംകൊണ്ട് ചെലവഴിക്കാന്‍ ഇത് വെള്ളരിക്ക പട്ടണമാണോ? ഏതൊക്കെ ഇനത്തിലാണ് ഈ പറയുന്ന എട്ടു കോടി ചിലവായത് എന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇതില്‍ ഭൂരിപക്ഷവും വേണ്ടപ്പെട്ടവര്‍ക്കുള്ള കമ്മിഷനാണ്. ഇത് അടിമുടി കമ്മിഷന്‍ സര്‍ക്കാരാണ്.

അയ്യപ്പസംഗമത്തിന്റെ ചെലവ് സ്പോണ്‍സര്‍മാരില്‍ നിന്നും കണ്ടെത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെ സ്പോണ്‍സര്‍മാരില്‍ നിന്ന് എത്ര തുക കിട്ടി എന്നും ഏതൊക്കെ സ്പോണ്‍സര്‍മാരാണ് പണം നല്‍കിയതെന്നും വ്യക്തമാക്കണം. ഇതുവരെ നാലു കോടിയോളം രൂപ പദ്ധതിനടത്തിപ്പിന്റെ ബില്‍ ഇനത്തില്‍ മാറിയതായി മനസിലാക്കാന്‍ കഴിഞ്ഞു. ഇതെല്ലാം പോയിരിക്കുന്നത് ദേവസ്വം ബോര്‍ഡിന്റെ വര്‍ക്കിങ് ഫണ്ടില്‍ നിന്നാണ്. സ്പോണ്‍സര്‍മാര്‍ തുക നല്‍കുന്നുണ്ടെങ്കില്‍ പിന്നെ എന്തിനാണ് ദേവസ്വം ബോര്‍ഡിന്റെ ഫണ്ടില്‍ നിന്ന് ഈ തുക ചിലവാക്കിയിരിക്കുന്നത്. ആരാണ് ഈ പൊളിഞ്ഞുപോയ പരിപാടിക്ക് എട്ടു കോടി നല്‍കുന്ന സ്പോണ്‍സര്‍മാര്‍?

കോട്ടയത്തെയും കുമരകത്തെയും നക്ഷത്രഹോട്ടലുകള്‍ക്ക് ദേവസ്വം ബോര്‍ഡ് ഫണ്ടില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ അഡ്വാന്‍സ് നല്‍കിയത് മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്നിരുന്നു. ആരൊക്കെയാണ് ഈ നക്ഷത്രഹോട്ടലുകളില്‍ താമസിച്ച വിവിഐപി അതിഥികള്‍? അവരുടെ പേരുവിവരങ്ങളും പുറത്തു വിടണം.

വിദേശത്തു നിന്നും വന്‍തോതില്‍ പ്രതിനിധികള്‍ എത്തുമെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ അവിടെ നിന്നും കാര്യമായി ആരും എത്തിയില്ല. നാലായാരം അതിഥികള്‍ക്കുണ്ടാക്കിയ ഭക്ഷണം വെട്ടി മൂടേണ്ടി വന്നു. കാര്യമായി ആരും പങ്കെടുക്കാതെ ഒഴിഞ്ഞ കസേരയ്ക്കു മുന്നില്‍ നടത്തിയ ഈ ഒറ്റ ദിവസത്തെ പരിപാടിക്ക് എങ്ങനെയാണ് എട്ടുകോടി രൂപയുടെ ചിലവ് വന്നതെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയേ പറ്റു. ഇതില്‍ കമ്മിഷന്‍ പറ്റിയവരുടെ വിശദാംശങ്ങള്‍ പുറത്തു വിടണം. ദേവസ്വം ബോര്‍ഡ് കറവപ്പശുവല്ല. വിശ്വാസികളുടെ കാണിക്കയാണ് ദേവസ്വം ബോര്‍ഡിന്റെ വരുമാനം. അതിന്റെ എല്ലാ ഫണ്ടിലും കയ്യിട്ടു വാരാന്‍ കേരളത്തിലെ വിശ്വാസി സമൂഹം അനുവദിക്കില്ലെന്നു ചെന്നിത്തല വ്യക്തമാക്കി.

Commission estimates cost of Rs 8 crore for Ayyappa Sangam; Chennithala demands details of cost to be made public

Share Email
Top